വിഷയങ്ങളുടെ ഗൗരവം കേന്ദ്ര സംസ്ഥാന സർക്കാരുകളെ ധരിപ്പിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
മാനന്തവാടി: വന്യജീവി ആക്രമണങ്ങളിൽ കലുഷിതമായ വയനാട്ടിലേക്ക് വരാതെ മുഖ്യമന്ത്രിയും മന്ത്രിമാരും മാറിനിൽക്കുമ്പോൾ, ജില്ലയില്‍ സന്ദര്‍ശനം നടത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിന്‍റെ വീട്ടിലാണ് ഗവർണർ ആദ്യമെത്തിയത്. പിന്നാലെ പാക്കത്തെ പിവി പോളിന്‍റെ വീടും ഗവർണർ സന്ദർശിച്ചു. മരണത്തിൽ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി. മൂന്നാഴ്ച മുമ്പ് കാട്ടാനാ ആക്രമണത്തിൽ പരിക്കേറ്റ് കിടപ്പിലായ പതിനാറുകാരൻ ശരത്തിനെ കാണാനും ആരിഫ് മുഹമ്മദ് ഖാൻ എത്തി. ചികിത്സ സഹായത്തിന് വഴി ഒരുക്കുമെന്ന് ഗവർണർ ഉറപ്പു നൽകി.
കഴിഞ്ഞാ ഡീസമ്പറിൽ കടുവ കൊന്നു തിന്ന പ്രജീഷിന്‍റെ ആശ്രിതരെയും ഗവർണർ സന്ദർശിച്ചു. ഇതിനുശേഷം മാനന്തവാടി ബിഷപ് ഹൗസിലെത്തി മാര്‍ ജോസ് പൊരുന്നേടവുമായും സംസാരിച്ചു. മിനിഞ്ഞാന്ന് മാത്രമാണ് വയനാട്ടിലെ പ്രശ്നങ്ങളുടെ ഗൗരവം എനിക്ക് മനസ്സിലായതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വൈകി അറിഞ്ഞതിനു ക്ഷമ ചോദിക്കുകയാണ്. കാട്ടാന ആക്രമണത്തിലെ ഉറ്റവരുടെ വിയോഗം നികത്താൻ ആകില്ല. പക്ഷെ അവരുടെ ദുഃഖത്തിനൊപ്പം പങ്കു ചേരുകയാണ്. വിഷയങ്ങളുടെ ഗൗരവം കേന്ദ്ര സംസ്ഥാന സർക്കാരുകളെ ധരിപ്പിക്കും. സംഘർഷാവസ്ഥയിലേക്ക് പോകാതെ വിഷയങ്ങൾ പരിഹരിക്കേണ്ട ബാധ്യത നമ്മുടെ സംവിധാനങ്ങൾക്ക് ഉണ്ട്. അത് നിറവേറ്റപ്പെട്ടില്ല.വനംമന്ത്രിയെ വിളിച്ചിരുന്നു. വിശദാശങ്ങൾ തേടി. ആക്രമണം ഒന്നിനും പരിഹാരമല്ലെന്നും ഓർക്കണമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. പുല്‍പ്പള്ളിയിലെ സംഘര്‍ഷം ഒഴിവാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന പരോക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്.
അതേസമയം, പുൽപള്ളി സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം പറഞ്ഞു. യുവതി യുവാക്കള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പലരും വിദേശത്തു പോകാൻ നിൽക്കുന്നവരാണ്. കേസ് അവരുടെ ഭാവി ഇല്ലാതാക്കും. കേസെടുത്താൽ ഇപ്പോൾ വയനാട് നേരിടുന്ന പ്രശ്നം മാറുമോയെന്നും ബിഷപ്പ് ചോദിച്ചു.സർക്കാർ ഇക്കാര്യത്തില്‍ അവധാനത കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, വയനാട് പുല്‍പ്പളളിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസെടുത്ത പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. പരാതി ഇല്ലെന്ന് പറഞ്ഞിട്ടും താന്‍ അടക്കമുളള ജനപ്രതിനിധികളെ ആക്രമിച്ചെന്ന പേരില്‍ പൊലീസ് കേസ് എടുത്തത് വനം മന്ത്രിക്ക് സുരക്ഷിതമായി വയനാട് സന്ദര്‍ശിക്കാനെന്ന് ടി സിദ്ദീഖ് എംഎല്‍എ ആരോപിച്ചു. ളോഹയിട്ടവരാണ് സംഘര്‍ഷത്തിന് ആഹ്വാനം നല്‍കിയതെന്ന ആരോപണവുമായി ബിജെപി വയനാട് ജില്ലാ പ്രസിഡണ്ട് കെപി മധുവും രംഗത്തെത്തി. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചര്‍ പോളിന്‍റെ മൃതശരീരവുമായി പുല്‍പ്പളളി ടൗണില്‍ ശനിയാഴ്ച നടത്തിയ പ്രതിഷേധത്തിന്‍റെയും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെയും പേരില്‍ നാലു കേസുകളാണ് പുല്‍പ്പളളി പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
എംഎല്‍എമാരായ ടി സിദ്ദീഖിനെയും ഐസി ബാലകൃഷ്ണനെയും ആക്രമിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടും പൊലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാല്‍, മൃഗശല്യം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ കുതിര കയറുന്നുവെന്നാണ് കേസ് എടുത്ത നടപടിയെക്കുറിച്ചുളള ടി സിദ്ദീഖിന്‍റെ പ്രതികരണം.സമരത്തിന്‍റെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാത്ത പക്ഷം കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കെ മുരളീധരന്‍ എംപി പ്രതികരിച്ചു. അതിനിടെ, കലാപത്തിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ കേസ് എടുക്കാതെ ഒരു വിഭാഗം ആളുകള്‍ക്കെതിരെ മാത്രമാണ് കേസ് എടുത്തതെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് കെപി മധു ആരോപിച്ചു.കേസ് എടുത്തതില്‍ രാഷ്ട്രീയം കാണേണ്ടെന്നും പൊതുമുതല്‍ നശിപ്പിച്ചവര്‍ക്കെതിരെയാണ് കേസ് എടുത്തതെന്നും വനം മന്ത്രി എ.കെ ശശീന്ദ്രന്‍ വിശദീകരിച്ചു. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കണമെന്ന് ആഗ്രഹമുണ്ടെന്നും നാളെ നടക്കുന്ന സര്‍വകക്ഷി യോഗത്തിന് ശേഷം ഇക്കാര്യം തീരുമാനിക്കുമെന്നും എകെ ശശീന്ദ്രന്‍ അറിയിച്ചു.
ഹൈറിച്ച് മണി ചെയിൻ തട്ടിപ്പ് ; കമ്പനി ഉടമ പ്രതാപനെ ഇഡി ചോദ്യം ചെയ്യുന്നു, ഭാര്യ ശ്രീന ഹാജരായില്ല

