Asianet News MalayalamAsianet News Malayalam

 'അച്ചടക്ക നടപടി ഗൂഢാലോചനയുടെ ഭാഗം, കമ്മ്യൂണിസ്റ്റായി തുടരും, സൈബര്‍ സഖാക്കള്‍ക്ക് മറുപടിയില്ല': എ.പി ജയൻ

ഗൂഢാലോചന നടത്തിയ ആളുകളെ കുറിച്ച്, അവരുടെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ എല്ലാം രേഖാമൂലം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും എപി ജയന്‍ പറഞ്ഞു

'Disciplinary action part of conspiracy, no answer for cyber comrades': cpi leader AP Jayan
Author
First Published Dec 1, 2023, 4:21 PM IST

പത്തനംതിട്ട: തനിക്കെതിരായ അച്ചടക്ക നടപടി പാർട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമെന്ന് സിപിഐ പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി എ.പി ജയൻ. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ജയൻ പറഞ്ഞു. അച്ചടക്ക നടപടിയെടുത്തതിൽ പാർട്ടി കീഴ്വഴക്കങ്ങൾ പാലിക്കപ്പെട്ടില്ലെന്നും തന്‍റെ ഘടകമായ സംസ്ഥാന കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാതെയാണ് നടപടിയെടുത്തതെന്നും എപി ജയന്‍ പറഞ്ഞു. നടപടി ഇതുവരെ തന്നെ അറിയിച്ചിട്ടില്ല. താൻ ഉൾപ്പെട്ട ഘടകം സംസ്ഥാന കൗൺസിൽ ആണ്. അതിലാണ് നടപടി തീരുമാനിക്കേണ്ടത്. ആ രീതി പാർട്ടിയിൽ ഉണ്ടായിട്ടില്ല സാമ്പത്തിക കാര്യങ്ങൾ സുതാര്യം ആണ്. ഫാം ആയി ബന്ധപ്പെട്ട എല്ലാം പാർട്ടിക്ക് രേഖ മൂലം നൽകിയിട്ടുണ്ട്. പാർട്ടിയിൽ നിന്ന് വാർത്തകൾ ചോരുന്നുണ്ടെന്നും എപി ജയന്‍ ആരോപിച്ചു.

കൗൺസിൽ പോലും ചർച്ച ചെയ്യും മുൻപ് ചാനലിൽ വാർത്ത വരുകയാണ്. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ നിന്ന് അങ്ങനെ വിവരം ചോരാൻ പാടില്ല.പാർട്ടിയിൽ തനിക്ക് എതിരെ ഗൂഢാലോചന നടത്തിയ ആളുകളെ അറിയാം. അത് പിന്നെ തുറന്നു പറയും. നടപടി ഔദ്യോഗികമായി പാർട്ടി നേതൃത്വം അറിയിച്ചാൽ അപ്പോൾ തുറന്നു പറയും ഗൂഢാലോചന നടത്തിയ ആളുകളെ കുറിച്ച്, അവരുടെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ എല്ലാം രേഖാമൂലം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ്‌ ആയി തുടരുമെന്നും സിപിഐ വിടില്ലെന്നും ചെങ്കൊടി പുതച്ച് മരിക്കുമെന്നും എപി ജയന്‍ പറഞ്ഞു. ആരോപണങ്ങളില്‍ സൈബര്‍ സഖാക്കള്‍ക്ക് മറുപടിയില്ലെന്നും എപി ജയന്‍ കൂട്ടിച്ചേര്‍ത്തു.ജില്ലാ സെക്രട്ടറിയിൽ നിന്ന് ബ്രാഞ്ച് അംഗത്തിലേക്ക് ഒതുങ്ങിയ എ.പി. ജയൻ സിപിഐയോട് ഗുഡ് ബൈ പറയുമെന്നാണ് എതിർച്ചേരിയുടെ പ്രചരണത്തെയും എപി ജയന്‍ തള്ളികളഞ്ഞു.

അതിനിടെ, എ.പി. ജയനെതിരായ നടപടിയിൽ പ്രതിഷേധിച്ചുള്ള പ്രവർത്തരുടെ കൂട്ടരാജി ഒഴിവാക്കാൻ സംസ്ഥാന നേതൃത്വം കിണഞ്ഞു പരിശ്രമിക്കുകയാണ്. സംസ്ഥാന കൗൺസിലിൽ ചർച്ച ചെയ്യാതെയുള്ള നടപടിയിൽ, കൺട്രോൾ കമ്മീഷന് ഉൾപ്പെടെ പരാതി നൽകാനാണ് മുൻ ജില്ലാ സെക്രട്ടറിയുടെ തീരുമാനം. എന്നാൽ എ.പി. ജയൻ പോർ മുഖം തുറക്കുന്നത് ആകട്ടെ സ്വന്തം ജില്ലയിലെ എതിർചേരിക്ക് നേരെയാണ്. അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ തുടങ്ങി നടപടിയിൽ വരെ കാര്യങ്ങൾ എത്തിച്ച നേതാക്കളെ ഉന്നമിട്ടാകും വരുംകാല പ്രവർത്തനമെന്ന് ജയൻ പറയാതെ പറയുന്നു. 

അതേസമയം,എ.പി. ജയനുമായി ബി‍‍ഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷൻ കെ. പത്മകുമാർ കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ കൂടിക്കാഴ്ച അല്ലെന്നാണ് വിശദീകരണം.എസ്എൻഡിപി നേതാക്കളും പത്മകുമാറിനൊപ്പം ഉണ്ടായിരുന്നു.പാർട്ടി നടപടിയെടുത്തു എന്ന വിവരം ശരിയാണെങ്കിൽ ദുഃഖകരമാണെന്നും അങ്ങനെയുള്ള ഒരു പൊതുപ്രവർത്തകനല്ല എ.പി.ജയനെന്നും സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്നും പത്മകുമാര്‍ പറഞ്ഞു. എ.പി. ജയനെതിരായ സംസ്ഥാന എക്സിക്യൂട്ടീവിന്‍റെ നടപടിക്കു പിന്നാലെ പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റിയിൽ ഉൾപ്പെടെ പ്രവർത്തകർ കൂട്ടരാജി നൽകിയിരുന്നു. ജില്ലയിൽ വിഭാഗീയത ആളിക്കത്തിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് എ.പി. ജയൻ വിരുദ്ധ പക്ഷത്തിനും സംസ്ഥാന നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

Latest Videos
Follow Us:
Download App:
  • android
  • ios