Asianet News MalayalamAsianet News Malayalam

'ഞാൻ ജീവനോടെയുണ്ടെങ്കിൽ നിങ്ങളുടെ താലിയിൽ കൈവെയ്ക്കാൻ കോണ്‍ഗ്രസിനെ സമ്മതിക്കില്ല'; ആഞ്ഞടിച്ച് മോദി

24x7 നിങ്ങള്‍ക്കൊപ്പം, 2047വരെ നിങ്ങള്‍ക്കൊപ്പം. അതാണ് തന്‍റെ സ്വപ്നമെന്നും ബെലഗാവിയിലെ പ്രചാരണ റാലിയില്‍ മോദി പറഞ്ഞ‌ു

'If I am alive I will not allow the Congress to put its hand on your mangalsutra'; Modi attacks congress
Author
First Published Apr 28, 2024, 12:41 PM IST

ബെംഗളൂരു: കര്‍ണാടകയിലെ ബെലഗാവിയില്‍ ബിജെപിയുടെ തെരഞ്ഞെട‍ുപ്പ് പ്രചാരണ റാലിയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി ജീവനോടെ ഉണ്ടെങ്കില്‍ നിങ്ങളുടെ താലിയിൽ കൈ വെയ്ക്കാൻ കോണ്‍ഗ്രസിന് സമ്മതിക്കില്ലെന്ന് നരേന്ദ്ര മോദി പറഞ്ഞു. ആ സ്വപ്നം അങ്ങ് മറന്നേക്കുവെന്നും സ്വത്ത് പിടിച്ചെടുത്ത് വിതരണം ചെയ്യാമെന്ന കോണ്‍ഗ്രസിന്‍റെ സ്വപ്നം നടക്കില്ലെന്നും നിങ്ങളുടെ സ്വപ്നമെന്തോ അതാണ് മോദിയുടെ സ്വപ്നമെന്നും പ്രധാനമന്ത്രി പറഞ്ഞു. 24x7 നിങ്ങള്‍ക്കൊപ്പം, 2047വരെ നിങ്ങള്‍ക്കൊപ്പം. അതാണ് എന്‍റെ സ്വപ്നം. ജനങ്ങളുടെ വോട്ട് തട്ടിയെടുത്ത് പ്രിയപ്പെട്ട മതത്തിന്‍റെ വോട്ട് ബാങ്കിന് വീതം വച്ച് കൊടുക്കാനാണ് കോൺഗ്രസിന്‍റെ യുവരാജാവും സഹോദരിയും ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു.

വയനാട്ടിൽ ജയിക്കാൻ പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണ സ്വീകരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും മോദി ആരോപിച്ചു. ആദ്യം വോട്ട്, പിന്നെ ഭക്ഷണം. അങ്ങനെ തീരുമാനിക്കണമെന്നും പരമാവധി ആളുകള്‍ വോട്ട് ചെയ്യാനെത്തണമെന്നും മോദി പറഞ്ഞു. രാജ്യത്തെമ്പാടും പോളിങ് ശതമാനം കുറഞ്ഞ സാഹചര്യത്തില്‍ കൂടിയാണ് മോദിയുടെ ആഹ്വാനം. ഹുബ്ബള്ളി കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിരഞ്ജൻ ഹിരേമഠിന്‍റെ  മകള്‍ നേഹ ഹിരേമഠിന്‍റെ കൊലപാതകവും പ്രസംഗത്തില്‍ മോദി പരാമര്‍ശിച്ചു.

രാജ്യത്തിന്‍റെ ജനാധിപത്യ വ്യവസ്ഥയെ തന്നെ നാണം കെടുത്താനാണ്  കോൺഗ്രസ് ശ്രമിക്കുന്നതെന്ന് മോദി പറഞ്ഞു. ഇവിഎമ്മുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യുക വഴി രാജ്യത്തിന്‍റെ തെരഞ്ഞെടുപ്പുകളെ കോൺഗ്രസ് ചോദ്യം ചെയ്യുകയാണ്. ഇതിനെതിരെ സുപ്രീംകോടതി തന്നെ ആഞ്ഞടിച്ചത് കോൺഗ്രസിന് ചെകിടത്ത് അടിച്ചത് പോലെയാണ്. ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കോൺഗ്രസ് നേഹ ഹിരേമഠിന്‍റെ കുടുംബത്തെക്കുറിച്ച് ചിന്തയില്ലെന്നും വോട്ട് ബാങ്കിനെക്കുറിച്ച് മാത്രമേ ചിന്തയുള്ളൂവെന്നും മോദി ആരോപിച്ചു. രാമേശ്വരം കഫേ സ്ഫോടനം ഭീകരാക്രമണമല്ല എന്നും കോൺഗ്രസ് സർക്കാർ പറഞ്ഞില്ലേ?. സംസ്ഥാനം ഭരിക്കാനറിയില്ലെങ്കിൽ രാജി വച്ച് വീട്ടിൽ പോകണമെന്നും മോദി പറഞ്ഞു.

 

നേഹ ഹിരേമഠിനെ മുൻ സുഹൃത്തായ ഫയാസ് പ്രണയാഭ്യർത്ഥന നിരസിച്ചതിനാണ് കുത്തിക്കൊലപ്പെടുത്തിയത്. ഇതിനിടെ, ഫയാസിന്‍റെ അമ്മ നേഹയുടെ കുടുംബത്തോട് പൊട്ടിക്കരഞ്ഞുകൊണ്ട് മാപ്പ് പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ അടക്കം കൊല്ലപ്പെട്ട വിദ്യാർഥിനിയുടെ വീട്ടിലെത്തിയിരുന്നു. നാടിനെ നടുക്കിയ കൊലപാതകം രാഷ്ട്രീയവിവാദമായി കത്തുകയാണ് കർണാടകയിലെ ഹുബ്ബള്ളിയിൽ. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ക്യാമ്പസിൽ വച്ചാണ് നേഹയെ സുഹൃത്തായിരുന്ന ഫയാസ് കുത്തിക്കൊന്നത്.

പ്രണയാഭ്യർത്ഥന നിരസിച്ചതിനായിരുന്നു കൊലപാതകം. ഇത് ലൗ ജിഹാദാണെന്ന് നേഹയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. ഇത് മുഖ്യമന്ത്രി സിദ്ധരാമയ്യ നിഷേധിച്ചു. വ്യക്തിപരമായ പ്രശ്നങ്ങളെ ലൗ ജിഹാദ് എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി ബിജെപിയും എബിവിപിയും രംഗത്തെത്തി. രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെയാണ് മോദിയും നേഹ ഹിരേമഠിന്‍റെ കൊലാപാതകത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് രംഗതെത്തിയത്. സംഭവം നടന്ന് രണ്ട് മണിക്കൂറിനകം തന്നെ ഫയാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഫയാസിപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. 

താലിമാല വരെ തട്ടിയെടുക്കുമെന്ന പ്രസ്താവന, പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക
കോൺഗ്രസിന് വൻ തിരിച്ചടി, ദില്ലി പിസിസി അധ്യക്ഷൻ അരവിന്ദര്‍ സിങ് ലവ്‍‍ലി രാജിവച്ചു

 

Latest Videos
Follow Us:
Download App:
  • android
  • ios