'പിണറായി വിജയന്‍റെ ആലയില്‍ കെട്ടാനുള്ള പശുവല്ല ലീഗ്'; തുറന്നടിച്ച് എം.കെ. മുനീര്‍

മുസ്ലീം ലീഗ് യുഡി എഫിന്റെ അവിഭാജ്യ ഘടകമാണെന്നും എം.കെ. മുനീർ പറഞ്ഞു

'League is not a cow to be tied to Pinarayi Vijayan's cattle shed' M.K. Muneer

കോഴിക്കോട്: കേരളബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വത്തെ ചൊല്ലി മുസ്ലീം ലീഗിൽ ഭിന്നത രൂക്ഷം. ഇടി മുഹമ്മദ് ബഷീറിന് പിന്നാലെ എം.കെ മുനീറും അതൃപ്തി പരസ്യമാക്കി. പിണറായിയുടെ ആലയിൽ കെട്ടാനുള്ള പശുവല്ല ലീഗെന്ന് എം.കെ മുനീര്‍ തുറന്നടിച്ചു. ഒരു മുന്നണിയിൽ നിൽക്കുമ്പോൾ മറ്റൊരു മുന്നണിയെ പ്രണയിക്കുന്ന പാരമ്പര്യം ലീഗിനില്ല. മുസ്ലീം ലീഗ് യുഡി എഫിന്റെ അവിഭാജ്യ ഘടകമാണെന്നും എം.കെ. മുനീർ പറഞ്ഞു. കേരള ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം പാര്‍ട്ടിയിൽ ചര്‍ച്ച ചെയ്തില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞതിന് പിന്നാലെയാണ് സിപിഎം സഹകരണത്തെ മുനീറും പരോക്ഷമായി വിമര്‍ശിക്കുന്നത്. ഒരു മുന്നണിയിൽ നിൽക്കുമ്പോൾ മറ്റൊരു മുന്നണിയെ പ്രണയിക്കുന്ന പാരമ്പര്യം ലീഗിനില്ലെന്ന് മുനീറിന്‍റെ നിലപാട് പാര്‍ട്ടിയിലെ എതിര്‍ ചേരിക്കുള്ള മറുപടിയാണ്. അതേസമയം, അബദ്ൽ ഹമീദ് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം സാദിഖലി തങ്ങളുടെ അനുമതിയോടെയാണ് ഏറ്റെടുത്തതെന്നാണ് പാര്‍ട്ടിയിലെ വിമര്‍ശകര്‍ക്ക് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്‍റെ മറുപടി. ലീഗിലും മുന്നണിയിലും ഭിന്നത കനക്കുമ്പോള്‍ സിപിഎം നേതാക്കള്‍ ലീഗിനെ പ്രംശസിച്ചും കോണ്‍ഗ്രസിനെ വിമര്‍ശിച്ചും ഭിന്നത മുതലാക്കാനുള്ള നീക്കത്തിലാണ്.

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ഉള്‍പ്പെടെ സിപിഎം ലീഗിനെ ക്ഷണിച്ചത് യുഡിഎഫില്‍ വലിയരീതിയിലുള്ള എതിര്‍പ്പുകള്‍ക്കിടയാക്കിയിരുന്നു. ഏറ്റവും ഒടുവിലായി കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് മലപ്പുറത്തെ ലീഗ് എം.എല്‍.എയെ നാമനിര്‍ദേശം ചെയ്ത നടപടിയും വിവാദമായത്.  മുസ്ലീം ലീഗ് എല്‍ഡിഎഫിലേക്ക് പോകുമെന്ന ചര്‍ച്ചകളും ഇതിനിടയില്‍ സജീവമായിരുന്നു. പലകാര്യങ്ങളിലായി ലീഗിന് അനുകൂലമായുള്ള സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും തീരുമാനങ്ങള്‍ യുഡിഎഫില്‍ പ്രശ്നങ്ങള്‍ക്കിടയാക്കുന്നതിനിടെയാണ് ഇക്കാര്യത്തില്‍ രൂക്ഷ വിമര്‍ശനവുമായി എം.കെ. മുനീര്‍ രംഗത്തെത്തിയത്.

ഇതിനിടെ, കേരള ബാങ്കില്‍ മുസ്ലീം  ലീഗ് നേതാവ് പി .അബ്ദുള്‍ ഹമീദ് എം.എല്‍.എയെ ഡയരക്ടറാക്കിയതില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ രംഗത്തെത്തി.മുസ്ലീം ലീഗ് രാഷ്ട്രീയ ഔചിത്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണ്. ആ പാരമ്പര്യം നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്യാമെന്ന് അവര്‍ക്ക്  അറിയാം. ഈ വിഷയത്തിലും യുക്തമായ തീരുമാനം ലീഗ് എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് വി.എം. സുധീരന്‍ കോഴിക്കോട് പറഞ്ഞു.

 

കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനം; മുസ്ലീം ലീഗിലും പൊട്ടിത്തെറി, അതൃപ്തി പരസ്യമാക്കി ഇടി മുഹമ്മദ് ബഷീര്‍

 

Latest Videos
Follow Us:
Download App:
  • android
  • ios