മതം പരിശോധിക്കാതെ  എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്ന നിര്‍ദേശം തദ്ദേശ സ്വയം ഭരണ വകുപ്പ്  ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതാണ് .വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ പൊതുചട്ടത്തിലും ഇക്കാര്യം കൃത്യമായി വിശദീകരിച്ചിട്ടുണ്ട്  

തിരുവനന്തപുരം;വധൂവരന്മാരുടെയോ രക്ഷിതാക്കളുടെയോ മതം ചൂണ്ടിക്കാട്ടി, വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തുനല്‍കാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മതം പരിശോധിക്കാതെ തന്നെ എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്ന നിര്‍ദേശം തദ്ദേശ സ്വയം ഭരണ വകുപ്പ് 2021 നവംബര്‍ 23ന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതാണ്. മതാചാര പ്രകാരമല്ലാത്ത വിവാഹങ്ങളുടെ കാര്യവും നിര്‍ദേശത്തില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്. 2008ലെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ പൊതുചട്ടത്തിലും ഇക്കാര്യം കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. 

ഹൈക്കോടതിയിലെത്തിയ ഉദയംപേരൂര്‍ സ്വദേശികളുടെ വിവാഹരജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. മതനിരപേക്ഷമായ വിവാഹങ്ങളെ നിരുത്സാഹപ്പെടുത്തുന്ന രീതിയില്‍ ഉദ്യോഗസ്ഥര്‍ പെരുമാറരുത്. ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനും ഒന്നിച്ചുജീവിക്കാനും ഏതൊരു പൗരനും അവകാശമുള്ള നാടാണ് നമ്മുടെത്. വിവാഹം നടന്നതിന്‍റെയും, വധൂവരന്മാരുടെ പ്രായവും തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തുനല്‍കണം. നിയമപ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്ന ഇത്തരം വീഴ്ചകളില്‍ ശക്തമായ ഇടപെടലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

 വിവാഹത്തിന്‍റെ സാധുത നിര്‍ണയിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രാര്‍മാര്‍ക്ക് ക്ഷമതയില്ല. രജിസ്ട്രേഷനായി വധൂവരന്മാര്‍ നല്‍കുന്ന സത്യവാങ്മൂലത്തില്‍ മതമോ, വിവാഹം നടന്ന രീതിയോ, രക്ഷിതാക്കളുടെ മതമോ രേഖപ്പെടുത്തേണ്ടതില്ല. പ്രായം തെളിയിക്കുന്ന രേഖ നിര്‍ബന്ധമാണ്. ഒപ്പം വിവാഹം നടന്നുവെന്ന് തെളിയിക്കാൻ ഗസറ്റഡ് ഓഫീസര്‍/എംപി/എംഎല്‍എ/തദ്ദേശസ്ഥാപന അംഗം ആരെങ്കിലും നല്‍കുന്ന സാക്ഷ്യപത്രം മതിയാകും. ഇതല്ലെങ്കില്‍ മതാധികാര സ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രത്തിന്‍റെ പകര്‍പ്പോ, സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥ പ്രകാരം നടന്ന വിവാഹങ്ങള്‍ക്ക് വിവാഹ ഓഫീസറുടെ സാക്ഷ്യപത്രമോ തെളിവായി സമര്‍പ്പിക്കാം. വിവാഹത്തിനായി നല്‍കുന്ന അപേക്ഷകളിലെവിടെയും മതമോ ആചാരമോ രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നില്ല. എങ്കിലും സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളും, പേരും പരിശോധിച്ച് ചില രജിസ്ട്രാര്‍മാര്‍ മതം നിര്‍ണയിക്കുന്നതായി ആക്ഷേപമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും മന്ത്രി നിര്‍ദേശിച്ചു.