അഞ്ച് പേര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ബോട്ടാണ് നാട്ടിലെത്തിക്കുന്നത്
ദുബൈ: വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ ചാലിയാറില്‍ ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തനത്തിന് സഹായമാകുന്ന ചെറുബോട്ട് യുഎഇയില്‍ നിന്ന് കേരളത്തിലെത്തും. യുഎഇയില്‍ നിന്ന് പ്രവാസി അയക്കുന്ന ചെറുബോട്ട് നാട്ടിലേക്ക് കൊണ്ടുപോകാൻ തയ്യാറായി ഒരാള്‍ വന്നതായി പ്രവാസിയായ സാദിഖ് അറിയിച്ചു. യുഎഇയില്‍ തന്നെയുള്ള നാട്ടിലേക്ക് പോകുന്ന ആര്‍ജെയാണ് ബോട്ട് നാട്ടിലെത്തിക്കാൻ തയ്യാറായത്. ബോട്ട് കൊണ്ടുപോകാൻ നേരത്തെ സാദിഖ് നാട്ടിലേക്ക് പോകുന്നവരുടെ സഹായം തേടിയിരുന്നു. ഇതുസംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയും നല്‍കിയിരുന്നു. സഹായത്തിന് നന്ദിയുണ്ടെന്ന് സാദിഖ് പറഞ്ഞു.
കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി വിവിധ തലങ്ങളില്‍ നിന്ന് സഹായങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പ്രവാസ ലോകത്ത് നിന്നും പലരും സഹായസന്നദ്ധത അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇതിനിടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കാവുന്ന ബോട്ട് നാട്ടിലെത്തിക്കാന്‍ സഹായം തേടി പ്രവാസി മലയാളിയായ സാദിഖ് രംഗത്തെത്തിയത്. ദുബൈയിൽ നിന്നോ ഷാർജയിൽ നിന്നോ മറ്റ് ലഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവർ ഉണ്ടെങ്കിൽ അറിയിക്കണമെന്നായിരുന്നു സാദിഖിന്‍റെ അഭ്യര്‍ത്ഥന.
അഞ്ച് പേര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ബോട്ടാണ് നാട്ടിലെത്തിക്കുന്നത്. 28 കിലോ ഭാരം ഉണ്ട്. 60cm നീളം,. 35cm വീതി, 52cm ഉയരം ഉള്ളതാണ് ബോട്ട്. നാട്ടിൽ രക്ഷ പ്രവർത്തനത്തിന് ഉപയോഗിക്കാനാണ് ഈ ചെറിയ ബോട്ട്. മേപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും മലപ്പുറം നിലമ്പൂരില്‍ ചാലിയാറില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നുണ്ട്. ഇവിടങ്ങളില്‍ ഉള്‍പ്പെടെ തെരച്ചിലിന് സഹായകരമാകുന്ന ചെറുബോട്ടാണ് നാട്ടിലെത്തുക.
വയനാടിനെ ചേര്‍ത്തുപിടിച്ച് നാട്; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നിരവധി പേര്‍

