Asianet News MalayalamAsianet News Malayalam

'ഇനിയും ഉയർത്തും ബാനർ'; ഗവർണർക്കെതിരെ വീണ്ടും ബാനർ ഉയര്‍ത്തി എസ്എഫ്ഐ, രാത്രി വൈകിയും ക്യാമ്പസിൽ പ്രതിഷേധം

നാളെ നേരം പുലരുമ്പോള്‍ ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസില്‍ ബാനറുകള്‍ ഉയരുമെന്നും ഗവര്‍ണറെ പിന്തുണച്ചുകൊണ്ടുള്ള ആര്‍എസ്എസിന്‍റെ ഒരു ബാനര്‍ പ്രതിഷേധ സൂചകമായി കത്തിക്കുകയാണെന്നും  പിഎം ആര്‍ഷോ പറഞ്ഞു. രാത്രിയിലും ക്യാമ്പസില്‍ പ്രതിഷേധവുമായി തുടര്‍ന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂടുതല്‍ ബാനറുകള്‍ ഉയര്‍ത്തിയാണ് മടങ്ങിയത്.

'The banner will be raised again'; SFI again raised the banner against the governor in calicut university
Author
First Published Dec 17, 2023, 8:24 PM IST

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ ബാനറുകള്‍ നീക്കം ചെയ്തതിന് പിന്നാലെ ക്യാമ്പസില്‍ വീണ്ടും ബാനര്‍ ഉയര്‍ത്തി എസ്എഫ്ഐ പ്രവര്‍ത്തകര്‍. രാത്രിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൊലീസുകാരോട് കയര്‍ത്തിന് പിന്നാലെ ബാനറുകള്‍ നീക്കം ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എംആര്‍ ആര്‍ഷോയുടെ നേതൃത്വത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രകടനവുമായി ക്യാമ്പസിലെത്തി. പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. തുടര്‍ന്ന് പൊലീസുകാരുമായി ഉന്തും തള്ളുമുണ്ടായി.

പൊലീസുകാരോട് കയര്‍ത്ത് സംസാരിച്ച പിഎം ആര്‍ഷോയും പ്രവര്‍ത്തകരും ബാരിക്കേഡിന് മുകളില്‍ വീണ്ടും കറുത്ത ബാനര്‍ ഉയര്‍ത്തുകയായിരുന്നു. ഡൗണ്‍ ഡൗണ്‍ ഗവര്‍ണര്‍ എന്നെഴുതിയ ബാനറാണ് ഉയര്‍ത്തിയത്. ഇതിനുശേഷം ക്യാമ്പസിനുള്ളില്‍ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് കോലം കത്തിച്ചു. പ്രതിഷേധത്തിനിടെ പൊലീസുകാരോടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ കയര്‍ത്തു. ഞങ്ങളെ തടയരുതെന്നും ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കിയാല്‍ മതിയെന്നും മിണ്ടാതെ നിന്നോളണമെന്നും പൊലീസിനോട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആക്രോശിച്ചശേഷമാണ് ബാനര്‍ ഉയര്‍ത്തിയത്.

ഗവര്‍ണറുടെ കോലം കത്തിച്ചതിനൊപ്പം നാളെ ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാറിന്‍റെ ബാനര്‍ കീറിയെടുത്ത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കത്തിച്ചു.  ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുമെന്നും ബാനറുകള്‍ ക്യാമ്പസില്‍ തന്നെയുണ്ടാകുമെന്നും പിആര്‍ഷോ പറഞ്ഞു. നാളെ നേരം പുലരുമ്പോള്‍ ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസില്‍ ബാനറുകള്‍ ഉയരുമെന്നും ഗവര്‍ണറെ പിന്തുണച്ചുകൊണ്ടുള്ള ആര്‍എസ്എസിന്‍റെ ഒരു ബാനര്‍ പ്രതിഷേധ സൂചകമായി കത്തിക്കുകയാണെന്നും ആര്‍ഷോ പറഞ്ഞു. ഗവര്‍ണര്‍ കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന നിലയിലേക്ക് പൊലീസുകാര്‍ മാറരുതെന്നും ആര്‍ഷോ പറഞ്ഞു. ആരിഫ് ഖാന്‍ വന്നിട്ട് തന്‍റെ ബാത്ത് റൂം കഴുകാന്‍ പറയുമ്പോള്‍ പോയി കഴുകുന്ന തരത്തില്‍ പൊലീസിന്‍റെ അന്തസ് കളയരുതെന്നും പിഎം ആര്‍ഷോ ആരോപിച്ചു.

രാത്രിയില്‍ ബാരിക്കേഡിന് പുറത്ത് ബാനര്‍ ഉയര്‍ത്തിയ സംഭവത്തിനുശേഷം ക്യാമ്പസില്‍ പ്രതിഷേധവുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ തുടരുകയായിരുന്നു. രാത്രി വൈകി പലയിടത്തായി ബാനറുകള്‍ ഉയര്‍ത്തി. റോഡില്‍ ഗവര്‍ണര്‍ക്കെതിരെ പെയിന്‍റുകൊണ്ട് പ്രതിഷേധ വാക്യങ്ങളെഴുതിയും മുദ്രാവാക്യം വിളിച്ചും  രാത്രി പത്തരവരെ പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ തുടര്‍ന്നു. മിസ്റ്റര്‍ ഗവര്‍ണര്‍ ദി ഈസ് കേരള എന്ന വലിയ ബാനര്‍ ഉള്‍പ്പെടെയാണ് രാത്രി വൈകി ഉയര്‍ത്തിയത്. ഇതൊടൊപ്പം ഗവര്‍ണറുടെ കാരിക്കേച്ചര്‍ വരച്ചും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

കാലിക്കറ്റ്‌ സർവകലാശാലയിൽ ഉയർത്തിയ ബാനറുകൾ മാറ്റാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ നേരത്തെ പറഞ്ഞിരുന്നു.ഒരു ബാനർ നീക്കിയാൽ നൂറു ബാനറുകൾ വേറെ ഉയരും. ഗവർണർ രാജാവും സർവകലാശാല രാജപദവിക്കു കീഴിലുള്ളസ്ഥലവുമല്ല.ഗവർണർ ആക്രമിക്കപ്പെടണം എന്നതാണ് അദ്ദേഹത്തിന്‍റെ ആവശ്യം. അത് നടക്കാത്തത് കൊണ്ടാണ് ഗവർണർ ക്യാമ്പസിൽ ഇറങ്ങി നടന്നു ബാനറിനെതിരെ സംസാരിച്ചത്. ഗവർണറേ ആക്രമിക്കുക എന്നതല്ല എസ് എഫ് ഐ സമര രീതിയെന്നും പിഎം ആര്‍ഷോ പറഞ്ഞിരുന്നു. പൊലീസുമായി അഡ്ജസ്റ്റ്മെന്‍റ് സമരമെന്ന ആരോപണവും പിഎം ആര്‍ഷോ തള്ളി. ഗവർണർക്കെതിരായ സമരത്തിൽ ജീവൻ നഷ്ടപ്പെട്ടാലും കുഴപ്പമില്ല. ലാത്തിയടിയേറ്റൽ ഞങ്ങളെ തല്ലുന്നു എന്ന് വിലപിക്കുന്ന കെ എസ് യു കാരെ പോലെ അല്ല എസ് എഫ് ഐയെന്നും ഇന്നലെ നിരവധി പേർക്കാണ് സമരത്തിൽ പരിക്കേറ്റതെന്നും പിഎം ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.

'ഷെയിംലെസ് പീപ്പിൾ'; പൊലീസുകാരോട് ആക്രോശിച്ച് ഗവർണർ, കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ ബാനറുകൾ നീക്കി

'ജീവൻ നഷ്ടപ്പെട്ടാലും കുഴപ്പമില്ല, ഒരു ബാനര്‍ നീക്കിയാല്‍ നൂറു ബാനറുകള്‍ വേറെ ഉയരും': പിഎം ആര്‍ഷോ

 

Latest Videos
Follow Us:
Download App:
  • android
  • ios