Asianet News MalayalamAsianet News Malayalam

മണ്ഡലകാലത്ത് മലകയറ്റത്തിനിടെ ചികിത്സ തേടിയത് 1.2ലക്ഷം തീര്‍ഥാടകര്‍,ഹൃദയാഘാതമുണ്ടായ 136 പേരെ രക്ഷിച്ചു ,26 മരണം

സന്നിധാനം ആശുപത്രിയില്‍ 47294 പേരും പമ്പയിലെ ആശുപത്രിയില്‍ 18888 പേരുമാണ് വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടിയതെന്ന് ശബരിമല ആരോഗ്യ വിഭാഗം നോഡല്‍ ഓഫീസര്‍

1.2 lakh devotees sought treatment in mandala season,26 died due to attack
Author
First Published Dec 28, 2022, 12:32 PM IST

പത്തനംതിട്ട:മണ്ഡല കാലത്ത് അയ്യപ്പ ദര്‍ശനത്തിന് എത്തിയ ഭക്തര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പമ്പ, സന്നിധാനം, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, നിലക്കല്‍ എന്നീ സര്‍ക്കാർ ആശുപത്രികളിലായി ഇതുവരെ 1,20,878 പേര്‍ ചികിത്സ തേടി. ഇതില്‍ 160 പേർക്ക് ഹൃദയാഘാതമായിരുന്നു.സന്നിധാനം ആശുപത്രിയില്‍ 47294 പേരും പമ്പയിലെ ആശുപത്രിയില്‍ 18888 പേരുമാണ് വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടിയത്. ഗുരുതര ആരോഗ്യപ്രശ്നം ബാധിച്ച 930 പേരെ പ്രാഥമിക ചികിത്സ നല്‍കി
മറ്റ് ആശുപത്രികളിലേക്ക് സുരക്ഷിതമായി മാറ്റി. ഇതുവരെ നിലക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടെ 26 പേര്‍ മരിച്ചു. ഇതില്‍ 24 മരണവും ഹൃദയാഘാതം മൂലമായിരുന്നു. ഹൃദയാഘാതമുണ്ടായ 136 പേരെ അടയന്തര ചികിത്സ നല്‍കി രക്ഷിച്ചു. ഹൃദയാഘാതം ഉണ്ടായാല്‍ ഷോക്ക് നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഓട്ടോമെറ്റഡ് ഡിബ്രിഫ്രിലേറ്റര്‍ സംവിധാനം വിവിധയിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

പമ്പ, സാന്നിധാനം എന്നിവിടങ്ങളിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ക്ക് പുറമെ നീലിമലയിലും അപ്പാച്ചിമേട്ടിലും കാര്‍ഡിയോളജി സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്.സ്വാമി അയ്യപ്പന്‍ റോഡിലെ ചരല്‍മേട്ടില്‍ ഡിസ്പെന്‍സറിയും പ്രധാന കേന്ദ്രങ്ങളില്‍ കാര്‍ഡിയോളജിസ്റ്റിന്റെ സേവനവും ലഭ്യമാണ്. കരിമലയിലും ഡിസ്പെന്‍സറി സജ്ജമാക്കുന്നുണ്ട്. നിലക്കല്‍ ആശുപത്രി ബേസ് ക്യാമ്പാക്കുകയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ശബരിമല വാര്‍ഡ് ആരംഭിക്കുകയും ചെയ്തു.വിവിധയിടങ്ങളില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും ആംബുലന്‍സ് സേവനവും സജീവമാണ്. സന്നിധാനം വരെ പതിനഞ്ചും എരുമേലി വഴിയുള്ള പരമ്പരാഗത പാതയില്‍ നാലും എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകളുണ്ടെന്ന് ശബരിമല ആരോഗ്യ വിഭാഗം നോഡല്‍ ഓഫീസര്‍ ഡോ. ഇ. പ്രശോഭ് അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios