Asianet News MalayalamAsianet News Malayalam

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; 1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടും; ഹർഷിന സമരസമിതി ഹൈക്കോടതിയിലേക്ക്

 ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടാനാണ് തീരുമാനം. 

1 crore compensation  Harshina Samara Samiti to High Court sts
Author
First Published Dec 24, 2023, 8:50 AM IST

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട്  ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഹർഷിന സമരസമിതി. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടാനാണ് തീരുമാനം. കോടതി ചെലവിനുള്ള പണം നാട്ടുകാരിൽ നിന്ന് പിരിച്ചെടുക്കുമെന്നും പൊലീസ് കുറ്റപത്രം സമർപ്പിച്ച ശേഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി നൽകുമെന്നും ഹർഷിന വ്യക്തമാക്കി. 

സംഭവത്തിൽ ഡോക്ടര്‍മാരെയും നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചിരുന്നു. രണ്ട് ദിവസത്തിനകം മെഡിക്കല്‍ കോളേജ് പൊലീസ് കുന്ദമംഗലം കോടതിയില്‍ കുറ്റപത്രം നല്‍കും. നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഹര്‍ഷിന സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം പ്രഖ്യാപിച്ചിരിക്കെയാണ് ചികിത്സാ പിഴവ് വരുത്തിയ സംഘത്തെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി എത്തിയത്.

2017 നവംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹര്‍ഷിനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ സംഘത്തിലുളള ഡോക്ടര്‍ സികെ രമേശന്‍, ഡോ എം ഷഹ്ന, മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്സുമാരായ എം രഹ്ന, കെജി മഞ്ജു എന്നിവരെയാണ് പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇവരുടെ അറസ്റ്റ് നേരത്തെ രേപ്പെടുത്തിയിരുന്നു.

ഐപിസി 338 അനുസരിച്ച് അശ്രദ്ധമായ പ്രവൃത്തി മൂലം മനുഷ്യജീവന് അപകടമുണ്ടാക്കിയെന്ന രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവരെ പ്രൊസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി അന്വേഷണ സംഘം സര്‍ക്കാരിന് മുന്നില്‍ അപേക്ഷ നല്‍കിയിട്ടും നടപടി വൈകുന്നതായാരോപിച്ച് ഹര്‍ഷിന തുടര്‍ സമരം പ്രഖ്യാപിച്ചിരിക്കെയാണ് അനുകൂല തീരുമാനം വന്നത്. സര്‍ക്കാര്‍ അനുമതി ഇതുവരെ നടത്തിയ സമരപോരാട്ടങ്ങളുടെ വിജയമെന്ന് ഹര്‍ഷിന പ്രതികരിച്ചു. മതിയായ നഷ്ടപരിഹാരം ലഭിക്കാന്‍ നിയമപോരാട്ടം തുടരുമെന്നും ഹര്‍ഷിന പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Latest Videos
Follow Us:
Download App:
  • android
  • ios