ദേവസ്വം ബോർഡ് സെക്ഷൻ ഓഫീസർ എന്ന പേരിൽ നിയമന ഉത്തരവ് കൈമാറി 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് അറസ്റ്റ്

തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വസുകാരിയുടെ അമ്മ ശ്രീതു അറസ്റ്റിലായ സാമ്പത്തിക തട്ടിപ്പ് കേസുകളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ശ്രീതുവിനെതിരെ പൊലീസിന് 10 പരാതികളാണ് ലഭിച്ചത്. ദേവസ്വം ബോർഡിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ഷിജുവിന്‍റെ പരാതിയിലാണ് അറസ്റ്റ്.

ദേവസ്വം ബോർഡ് സെക്ഷൻ ഓഫീസർ എന്ന പേരിൽ നിയമന ഉത്തരവ് കൈമാറി 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ഷിജു പരാതി നൽകിയത്. ഈ പരാകിയിലാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. ഇതടക്കം പത്ത് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നുമാണ് എസ്‌ പി കെഎസ് സുദർശൻ വ്യക്തമാക്കിയത്.

ശ്രീതുവിനോടുളള വിരോധമെന്ന ഹരികുമാറിന്റെ മൊഴി വിശ്വാസത്തിലെടുക്കാതെ പൊലീസ്, ജ്യോത്സനെ വീണ്ടും ചോദ്യം ചെയ്തു

അതേസമയം 

നാലാം ദിനവും ബാലരാമപുരം കൊലകേസിൽ അടിമുടി ദുരൂഹത നിറഞ്ഞ് നിൽക്കുകയാണ്. കുഞ്ഞിനെ അമ്മാവൻ കൊലപ്പെടുത്തിയത് എന്തിനെന്ന ചോദ്യത്തിന് അന്വേഷണം തുടരുന്നതിനിടെയാണ് അമ്മക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസെടുത്തത്. ദേവസ്വം ബോർഡിലെ ജീവനക്കാരി എന്നായിരിന്നു കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ ശ്രീതു നാട്ടുകാരോട് പറഞ്ഞിരുന്നത്. കരാർ അടിസ്ഥാനത്തിൽ പോലും ദേവസ്വം ബോർഡിൽ ജോലി ചെയ്തിട്ടില്ലാത്ത ശ്രീതു, ജോലി വാഗ്ദാനം ചെയ്താണ് പലരിൽ നിന്നുമായി പണം തട്ടിയത്. പല തവണകളായി 10 ലക്ഷം രൂപ ശ്രീതു തട്ടിയെന്നാണ് ബാലരാമപുരം സ്വദേശിയുടെ പരാതി. വിശ്വാസവഞ്ചന, സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമക്കൽ എന്നീ വകുപ്പുകളാണ് ശ്രീതുവിനെതിരെ ചുമത്തിയത്. തട്ടിപ്പിൽ ഇടനിലക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്. നേരത്തെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച, കരിക്കകം സ്വദേശിയായ ജ്യോത്സൻ ദേവിദാസന് ഈ ഇടപാടുകളിൽ പങ്കുണ്ടോ എന്ന് സംശയിക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പുകൾക്ക്, കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കൊലക്കേസിൽ റിമാൻഡിൽ കഴിയുന്ന ഹരികുമാറിനെ നാളെ കസ്റ്റഡിയിൽ വാങ്ങും. മാനസിക ആരോഗ്യ വിദഗ്ധരുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്യാനാണ് നീക്കം. അടിക്കടി ഇയാൾ മൊഴി മാറ്റിയതും, മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതും പൊലീസിനെ കുഴപ്പിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം