പത്തനംതിട്ട: ഇരവിപേരൂർ സിപിഎം ഏരിയ കമ്മിറ്റിയിൽ നിന്ന് പത്ത് പേർ രാജിവച്ചു. ഇരവിപേരൂർ ഏരിയക്ക് കീഴിലുള്ള  പുറമറ്റം ലോക്കൽ സെക്രട്ടറിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് ജില്ലാ സെക്രട്ടറി അടക്കം സ്വീകരിച്ച മൃദു സമീപനത്തിൽ പ്രതിഷേധിച്ചാണ് രാജി. 

പുറമറ്റം ലോക്കൽ സെക്രട്ടറി അയൽവാസിയായ പെൺകുട്ടിയുടെ മൊബൈൽ ഫോണും സ്കൂൾ സർട്ടിഫിക്കറ്റുകളും കവർന്നെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു പരാതി. മെയ് ഏഴിനാണ് പരാതിക്കാരിയായ പെൺകുട്ടി വീട്ടിൽ നിന്നിറങ്ങി രക്ഷപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

ഏരിയ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പുറമറ്റം ലോക്കൽ സെക്രട്ടറി ഷിജു കുരുവിളയെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഷിജുവിനെ ഏരിയ കമ്മിറ്റി അംഗമായി നിലനിർത്തിക്കൊണ്ട് ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുന്നത് യുക്തി സഹമല്ലെന്ന് ഏരിയ കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. എന്നാൽ സെക്രട്ടറിയേറ്റ് തീരുമാനം റിപ്പോർട്ട് ചെയ്യാനെത്തിയ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ആവശ്യം നിരാകരിച്ചു. ഇതേ തുടർന്നാണ് ഏരിയ കമ്മിറ്റി അംഗങ്ങളായ പത്ത് പേർ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾ രാജിവച്ചത്.