Asianet News MalayalamAsianet News Malayalam

Kizhakkambalam Clash : സിസിടിവി ദൃശ്യങ്ങൾ കുടുക്കി, കിറ്റക്സിലെ പത്ത് തൊഴിലാളികൾ കൂടി പിടിയിൽ

അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും തൊഴിലാളികൾ മൊബൈലിൽ ഷൂട്ട് ചെയ്ത ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 

10 more migrant workers arrested in kitex kizhakkambalam clash
Author
Kochi, First Published Dec 28, 2021, 11:21 PM IST

കൊച്ചി: കിഴക്കമ്പലത്തെ  (kizhakkambalam) കിറ്റക്സ് (kitex) കമ്പനിയിലെ അതിഥി തൊഴിലാളികൾ ക്രിസ്തുമസ് ദിനത്തിൽ പൊലീസിനെ അക്രമിച്ച സംഭവത്തിൽ പത്ത് പേർ കൂടി പിടിയിൽ. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും തൊഴിലാളികൾ മൊബൈലിൽ ഷൂട്ട് ചെയ്ത ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതോടെ കേസിൽ അറസ്റ്റിലായവർ 174 ആയി. കേസിൽ പേർ പ്രതികളുണ്ടെന്ന് പൊലീസ് നേരത്തെ സംശയിച്ചിരുന്നു. ഇവരെ കണ്ടെത്തുന്നതിനായാണ് തൊഴിലാളികളിൽ നിന്നും പിടിച്ചെടുത്ത മൊബൈലുകളും  സിസിടിവിയും പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്ത് പേരെ കൂടി പ്രതി ചേർത്തത്. 

പെരുമ്പാവൂർ എ എസ് പി അനൂജ് പലിവാലിന്‍റെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്പക്ടര്‍മാരും ഏഴു സബ് ഇന്‍സ്പക്ടര്‍മാരുടമടങ്ങിയ 19 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. രാത്രിയില്‍ തൊഴിലാളികള്‍ അക്രമം നടത്താനിടയായ സാഹചര്യം, തൊഴിലാളികളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, എന്നിവ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുകയാണ്. സംഭവത്തില്‍ തൊഴില്‍ വകുപ്പും നടപടി തുടങ്ങി.

ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് നടപടി കടുപ്പിക്കുകയാണ്. സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് കൃത്യമായി സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് പൊലീസിന് നിര്‍ദ്ദേശം നല്‍കി. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കര്‍ശന നിരീക്ഷണം നടത്തണം. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. സമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. ഇതിനായി സംസ്ഥാന വ്യാപകമായി പരിശോധന നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി തൊഴില്‍ വകുപ്പിന്‍റെ ആവാസ് പദ്ധതി പ്രകാരം ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിക്കാം. പൊലീസ് ആസ്ഥാനത്തും ഓണ്‍ലൈനിലുമായി ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Follow Us:
Download App:
  • android
  • ios