ഒരു നൂറ്റാണ്ട് മുന്‍പ് ചെറിയ ഒരു യോഗത്തിലൂടെയാണ് പിന്നീട് പടര്‍ന്ന് പന്തലിച്ച കോണ്‍ഗ്രസ്സിന്‍റെ കേരള ഘടകത്തിന്‍റെ തുടക്കം.കോഴിക്കോട് ചാലപ്പുറത്ത് ആ യോഗം നടന്ന കെട്ടിടം പുതു നിര്‍മ്മിതികളാല്‍ മാഞ്ഞു പോയി.

കോഴിക്കോട്: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിച്ചിട്ട് ഇന്നേക്ക് നൂറ് വര്‍ഷം. കോഴിക്കോട് ചാലപ്പുറത്ത് ചേര്‍ന്ന യോഗത്തിലാണ് കെപിസിസിയുടെ പിറവി. ദേശസ്നേഹികളായ ഒരുപാട് നേതാക്കളുടെ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് കെപിസിസിയുടെ വളര്‍ച്ച

ഒരു നൂറ്റാണ്ട് മുന്‍പ് ചെറിയ ഒരു യോഗത്തിലൂടെയാണ് പിന്നീട് പടര്‍ന്ന് പന്തലിച്ച കോണ്‍ഗ്രസ്സിന്‍റെ കേരള ഘടകത്തിന്‍റെ തുടക്കം.കോഴിക്കോട് ചാലപ്പുറത്ത് ആ യോഗം നടന്ന കെട്ടിടം പുതു നിര്‍മ്മിതികളാല്‍ മാഞ്ഞു പോയി. എങ്കിലും ചാലപ്പുറത്തെ പ്രധാന വീഥി കെപിസിസിയുടെ ആദ്യ സെക്രട്ടറി കെ.മാധവന്‍ നായരുടെ പേരിലാണ് അറിയപ്പെടുന്നത്.നാഗ്പൂര്‍ എഐസിസി സമ്മേളനത്തിലെ പ്രമേയ ത്തെ തുടര്‍ന്നാണ് കെപിസിസി രൂപീകരണത്തെ കുറിച്ച് ആലോചന സജീവമായത്. 

1921 ജനുവരി മുപ്പതിന് ചാലപ്പുറത്ത് ചേര്‍ന്ന യോഗത്തില്‍ തിരുവിതാംകൂറും കൊച്ചിയും കോഴിക്കോടും ഉള്‍പ്പെടെ അഞ്ച് ജില്ല കമ്മിറ്റികളോടെ കെപിസിസി നിലവില്‍ വന്നു.കെ.മാധവന്‍നായര്‍ ആദ്യ സെക്രട്ടറിയായി. മുന്‍പ് മലബാര്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഉണ്ടായിരുന്നു. കെപിസിസി രൂപീകരിച്ചതോടെ അത് ഇല്ലാതായി.ആദ്യ സെക്രട്ടറിയായി ചുമതല ഏറ്റ് ദിവസങ്ങള്‍ക്കകം തന്നെ കെ.മാധവന്‍ നായരെ ബ്രിട്ടീഷ്
സര്‍ക്കാര്‍ ജയിലിലടച്ചു.

ആറ് മാസത്തിന് ശേഷമാണ് അദ്ദേഹം ജയില്‍ മോചിതനായത്.പിന്നീട് മലബാര്‍ കലാപം തുടങ്ങിയതോടെ സംഘടന പ്രവര്‍ത്തനം മന്ദഗതിയിലായി.കോഴിക്കോട് 1925 ല്‍ കെപിസിസി ചേര്‍ന്ന് കെ.മാധവന്‍നായരെ ആദ്യ കെപിസിസി പ്രസിഡണ്ടായി തെരെഞ്ഞെടുത്തു. കെ.കേളപ്പന്‍ സെക്രട്ടറിയുമായി.