ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെയാകെ ശക്തിപ്പെടുത്തിയ പ്രക്ഷോഭമായി പടര്‍ന്ന വൈക്കം സത്യഗ്രഹം 603 ദിവസങ്ങള്‍ക്ക് ശേഷം 1925 ഒക്ടോബര്‍ 8നാണ് ലക്ഷ്യ പ്രാപ്തിയിലെത്തിയത്

കോട്ടയം: ജാതി വിവേചനത്തിനെതിരെ അരങ്ങേറിയ ചരിത്ര പ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിന്‍റെ നൂറാം വാര്‍ഷികം ഇന്ന്. കേരളത്തിന്‍റെ സാമൂഹ്യ നവോത്ഥാനത്തിലെ നിര്‍ണായക ഏടാണ് വൈക്കം സത്യാഗ്രഹം. വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റിലുമുളള വഴികളിലൂടെ എല്ലാ ജാതിയിലും പെട്ട മനുഷ്യര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 1924 മാര്‍ച്ച് 30ന് ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയില്‍ നിന്നാണ് വൈക്കം സത്യാഗ്രഹത്തിന് തുടക്കമായത്. വളരെ പെട്ടെന്ന് സമരം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. സമര ഭടന്‍മാര്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ പഞ്ചാബില്‍ നിന്ന് അകാലികള്‍ എത്തി. തമിഴ്നാട്ടില്‍ നിന്ന് പെരിയോര്‍ ഇവി രാമസ്വാമി നായ്ക്കരടക്കമുളളവരുടെ സാന്നിധ്യവും സമരത്തിന് ശക്തി പകര്‍ന്നു.

സമരം തുടങ്ങി ഏതാണ്ട് ഒരു വര്‍ഷം പിന്നിടാറാകുമ്പോള്‍ 1925 മാര്‍ച്ച് 10നാണ് മഹാത്മാഗാന്ധി സമരത്തിന് ഐക്യദാര്‍ഢ്യവുമായി വൈക്കത്ത് എത്തിയത്. അന്നത്തെ സവര്‍ണ നേതൃത്വവുമായി ഇണ്ടംതുരുത്തി മനയില്‍ ഗാന്ധി നടത്തിയ ചര്‍ച്ചയും ചരിത്രത്തിന്‍റെ ഭാഗമാണ്. ജാതി വിവേചനത്തിനെതിരായ സമരമായി തുടങ്ങിയെങ്കിലും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെയാകെ ശക്തിപ്പെടുത്തിയ പ്രക്ഷോഭമായി പടര്‍ന്ന വൈക്കം സത്യഗ്രഹം 603 ദിവസങ്ങള്‍ക്ക് ശേഷം 1925 ഒക്ടോബര്‍ 8നാണ് ലക്ഷ്യ പ്രാപ്തിയിലെത്തിയത്.

ജാതിവ്യവസ്ഥയ്ക്കെതിരായ ചരിത്ര സമരത്തിന്‍റെ ശതാബ്ദി വിപുലമായി തന്നെ സംസ്ഥാന സര്‍ക്കാരും കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമെല്ലാം ആഘോഷമാക്കി. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് സത്യഗ്രഹത്തിന്‍റെ ശതാബ്ദി ആഘോഷങ്ങള്‍ വൈക്കത്ത് ഉദ്ഘാടനം ചെയ്തത്. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ എത്തിച്ച് കോണ്‍ഗ്രസും സമരത്തിന്‍റെ ഓര്‍മ പുതുക്കി. സമരം നടന്ന് ഒരു നൂറാണ്ടിനിപ്പുറവും ജാതി വിവേചനങ്ങളും വര്‍ണ വെറിയുമെല്ലാം പല തലങ്ങളില്‍ നമ്മുടെ സമൂഹത്തില്‍ തലയുയര്‍ത്തി നില്‍പ്പുണ്ട് ഇന്നും. അതുകൊണ്ടു തന്നെ വൈക്കം സത്യഗ്രഹത്തിന്‍റെ ഓര്‍മകള്‍ക്ക് കാലം കഴിയും തോറും പ്രസക്തി ഏറുകയുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്