കണ്ണൂർ: കണ്ണൂരിൽ 108 ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്യുന്നവരില്‍ വധശ്രമ, കവർച്ച കേസുകളില്‍ ഉൾപ്പെട്ട പ്രതിയും. സിപിഎം ചിങ്ങാംകുണ്ടം ബ്രാഞ്ച് സെക്രട്ടറിയായ സുഭിലാഷാണ് പൊലീസ് ക്ലിയറൻസ് ഇല്ലാഞ്ഞിട്ടും അഞ്ചരക്കണ്ടി കൊവിഡ് സെന്‍ററിലെ ഡ്രൈവറായി ജോലി ചെയ്യുന്നത്. 2013 ൽ ജൂബി പാറ്റാനി എന്നയാളെ ആക്രമിച്ച് പണം തട്ടിയെന്ന കേസാണ് സുഭിലാഷിനെതിരെയുള്ളത്.

ഇരിട്ടിയിൽ ഫ്ലവർഷോ നടത്തുന്ന ഗ്രീൻ ലീഫ് എന്ന സംഘടനയുടെ സെക്രട്ടറി ആയിരുന്ന ജൂബി പാറ്റാനിയാണ് 2013ൽ സുഭിലാഷിനെതിരെ പരാതി നൽകുന്നത്. ഫ്ലവർഷോ കഴിഞ്ഞ് മടങ്ങവെ തന്നെ അക്രമിച്ച് സുഭിലാഷ് കോളിക്കടവ് അടങ്ങുന്ന സംഘം സ്വർണവും എഴുപത്തി അയ്യായിരം രൂപയും തട്ടിയെടുത്തു എന്നായിരുന്നു പരാതി. നിലവിൽ ഇരിട്ടി ചീങ്ങാംകുണ്ടം ബ്രാഞ്ച് സെക്രട്ടറിയായ സുഭിലാഷ് കവർച്ച വധശ്രമം ഉൾപ്പെട്ട ഈ കേസിലെ രണ്ടാം പ്രതിയാണ്.

കേസിൽ തലശ്ശേരി സെഷൻസ് കോടതിയിൽ വിചാരണ നടക്കുകയാണ്. ഗുരുതര കുറ്റങ്ങളുൾപ്പെട്ട കേസിലെ പ്രതിയായിട്ടും പൊലീസ് ക്ലിയറൻസ് വാങ്ങാതെയാണ് ഹൈദരാബാദ് ആസ്ഥാനമായ ജിവികെ ഇഎംആർഐ എന്ന ഏജൻസി ഇയാളെ ഡ്രൈവറായി നിയമിച്ചത്. ആംബുലൻസ് ഡ്രൈവഴേസ് അസോസിയേഷന്‍റെ സംസ്ഥാന നേതാവ് കൂടിയായ പ്രതിക്കെതിരെ നിയമ നടപടി വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും രംഗത്തെത്തി. കൊവിഡ് കാലമായത് കൊണ്ടാണ് ക്ലിയറൻസ് സ‌ർട്ടിഫിക്കറ്റ് നൽകാൻ വൈകിയത് എന്നാണ് സുഭിലാഷിന്‍റെ വിശദീകരണം.