നാലപ്പാട്ടെ നീര്‍മാതള ചോട്ടില്‍ പൂത്തുലഞ്ഞ് പാളയത്തെ ഗുല്‍മോഹര്‍ ചുവട്ടില്‍ അത് പൊഴിഞ്ഞു വീണിട്ട് 10 വര്‍ഷം.
തൃശൂര്‍: മാധവിക്കുട്ടിയെന്ന കമലാ സുരയ്യ ഓർമ്മയായിട്ട് പത്ത് വര്‍ഷം. ആമിയോപ്പൂവിന്‍റെ ഓര്‍മ്മകളിലാണ് ഇന്നും തൃശൂരിലെ പുന്നയൂര്‍ക്കുളം എന്ന ഗ്രാമം. എന്നാല്‍ സാഹിത്യ അക്കാദമി നാല് വര്‍ഷം മുമ്പ് സ്ഥാപിച്ച കമല സുരയ്യ സ്മാരകത്തിന് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന പരാതി നാട്ടുകാര്‍ക്കുണ്ട്.
നാലപ്പാട്ട് എന്ന തറവാട് ഇന്നില്ല. പക്ഷെ മാധവിക്കുട്ടിയുടെ വരികളിലൂടെ ലോകപ്രശസ്തമായ നീര്‍മാതളം പതിറ്റാണ്ടുകള്‍ക്കിപ്പുറവും സുഗന്ധം പരത്തി ഇവിടെയുണ്ട്. ഒരു മരച്ചുവട്ടില്‍ നിന്ന് മറ്റൊരു മരച്ചുവട്ടിലേക്കുളള യാത്രയായിരുന്നു മാധവിക്കുട്ടിയുടെ ജീവിതം. നാലപ്പാട്ടെ നീര്‍മാതള ചോട്ടില്‍ പൂത്തുലഞ്ഞ് പാളയത്തെ ഗുല്‍മോഹര്‍ ചുവട്ടില്‍ അത് പൊഴിഞ്ഞു വീണിട്ട് 10 വര്‍ഷം. നാലാപ്പാട്ടെ മണ്ണില്‍ കാലുകുത്തിയാല്‍ ആദ്യം കണ്ണില്‍പെടുക നിഴല്‍ വീണു കിടക്കുന്ന സര്‍പ്പക്കാവും നീര്‍മാതളവും തന്നെ. പൂഴിമണ്ണിലൂടെ നടന്നാല്‍ കമല സുരയ്യ സ്മാരകത്തിലെത്താം.
കഥാകാരി ഉപയോഗിച്ചിരുന്ന ആഭരണപെട്ടിയും കണ്ണാടിയും കട്ടിലുമുള്‍പ്പെടെ എല്ലാം ഇവിടെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. നാല് വര്‍ഷം മുമ്പാണ് മാധവിക്കുട്ടിയുടെ പേരിലുളള 17 സെൻറും പുന്നയൂര്‍ക്കുളം സ്വദേശി കെ പി സുകുമാരൻ നല്‍കിയ 13 സെൻറും ഉപയോഗിച്ച് സാഹിത്യ അക്കാദമി ഈ ബഹുനില കെട്ടിടം പണിതത്. എന്നാല്‍, പിന്നീട് സാഹിത്യ അക്കാദമിയുടെ ഒരു ശ്രദ്ധയും ഇങ്ങോട്ടില്ലെന്ന പരാതി നാട്ടുകാര്‍ക്കുണ്ട്
മാധവിക്കുട്ടിയുടെ ഓര്‍മ്മകളിലേക്ക് ഇന്നും നിരവധി പേരാണ് യാത്ര ചെയ്തെത്തുന്നത്.അവരെ സ്വീകരിക്കാൻ കഥാകാരിയുടെ കുറച്ചു ചിത്രങ്ങളല്ലാതെ ഈ സ്മാരകത്തില്‍ മറ്റൊന്നുമില്ല. എന്നാല്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തുമായി ആലോചിച്ച് കൂടുതല്‍ നവീകരണങ്ങള്‍ വരുത്തുമെന്ന് അക്കാദമി അധികൃതര്‍ അറിയിച്ചു.
