Asianet News MalayalamAsianet News Malayalam

കൊവിഡിനിടെ ആരോഗ്യ രംഗത്ത് കേരളത്തിന് മറ്റൊരു നേട്ടം കൂടി; 11 ആശുപത്രികള്‍ക്ക് കൂടി എന്‍ക്യൂഎഎസ് അംഗീകാരം

അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ക്യുഎഎസ് നേടുന്ന സംസ്ഥാനത്തിനുള്ള (28 കേന്ദ്രങ്ങള്‍) അംഗീകാരം കേരളം ഇപ്പോഴും നിലനിര്‍ത്തുകയാണ്. മാത്രമല്ല രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിലും ആദ്യത്തെ 12 സ്ഥാനവും കേരളം നിലനിര്‍ത്തുകയാണ്.

11 more hospitals in kerala got nqas recognition
Author
Thiruvananthapuram, First Published May 24, 2021, 8:48 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ 11 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന ആരോഗ്യ വകുപ്പിനെ അറിയിച്ചു. മലപ്പുറം അത്താനിക്കല്‍ കുടുംബാരോഗ്യ കേന്ദ്രം (സ്‌കോര്‍ 86.29%), കോഴിക്കോട് മൂടാടി കുടുംബാരോഗ്യ കേന്ദ്രം (സ്‌കോര്‍ 90.4%), കൊല്ലം ഇളമ്പള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രം (സ്‌കോര്‍ 95.26%), കണ്ണൂര്‍ പാനൂര്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ (സ്‌കോര്‍ 93.34%), തൃശൂര്‍ ഗോസായിക്കുന്ന് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ (സ്‌കോര്‍ 78%), തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ (സ്‌കോര്‍ 93.91%), കണ്ണൂര്‍ ന്യൂ മാഹി കുടുംബാരോഗ്യ കേന്ദ്രം (സ്‌കോര്‍ 87.6%), തൃശൂര്‍ പോര്‍ക്കളേങ്ങാട് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്‌കോര്‍ 94.26%), കൊല്ലം മുണ്ടക്കല്‍ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (സ്‌കോര്‍ 91.8%), കോഴിക്കോട് പുറമേരി കുടുംബാരോഗ്യ കേന്ദ്രം (സ്‌കോര്‍ 95%), ഇടുക്കി ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രം (സ്‌കോര്‍ 92.6%) എന്നീ കേന്ദ്രങ്ങള്‍ക്കാണ് ഇപ്പോള്‍ ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍ക്യൂഎഎസ് ബഹുമതി ലഭിച്ചതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് തുടര്‍ച്ചയായി എന്‍ക്യുഎഎസ് കിട്ടുന്നത് അഭിമാനകരമാണെന്നും വീണ ജോര്‍ജിന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ എന്‍ക്യുഎഎസ് നേടുന്ന സംസ്ഥാനത്തിനുള്ള (28 കേന്ദ്രങ്ങള്‍) അംഗീകാരം കേരളം ഇപ്പോഴും നിലനിര്‍ത്തുകയാണ്.

മാത്രമല്ല രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിലും ആദ്യത്തെ 12 സ്ഥാനവും കേരളം നിലനിര്‍ത്തുകയാണ്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും, കാസര്‍ഗോഡ് കയ്യൂര്‍ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രവും 99 ശതമാനം സ്‌കോര്‍ കരസ്ഥമാക്കി ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്താണ്. 11 സ്ഥാപനങ്ങള്‍ക്കു കൂടി പുതുതായി എന്‍ക്യുഎഎസ് ലഭിച്ചതോടെ സംസ്ഥാനത്ത് ആകെ 119 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയെടുക്കാനായത്.

മൂന്ന് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, ഏഴ് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 28 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍, 77 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്. സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്‌സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട് കം, എന്നീ എട്ട് വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍ക്യുഎഎസ് അംഗീകാരം നല്‍കുന്നത്.

ജില്ലാതല പരിശോധന, സംസ്ഥാനതല പരിശോധന എന്നിവയ്ക്ക് ശേഷം എന്‍എച്ച്എസ്ആര്‍സി നിയമിക്കുന്ന ദേശീയതല പരിശോധകര്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍ക്യുഎഎസ് അംഗീകാരം നല്‍കുന്നത്.

എന്‍ക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വര്‍ഷകാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. എന്‍ക്യുഎഎസ് അംഗീകാരം ലഭിക്കുന്ന പിഎച്ച്സികള്‍ക്ക് രണ്ട് ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സറ്റീവ്‌സ് ലഭിക്കും. ആശുപത്രിയുടെ കൂടുതല്‍ വികസനത്തിന് ഇത് സഹായകരമാണെന്നും വീണ ജോര്‍ജ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios