കൊച്ചി: അങ്കമാലിയില്‍ 11 വയസ്സുകാരിയെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ കഴുത്തില്‍ മുറിവുകള്‍ കണ്ടെത്തി. കുളിമുറിയില്‍ വീണതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വൈകീട്ട് അഞ്ചരയോടെയാണ് കൂട്ടിയെ മരിച്ച നിലയില്‍ അങ്കമാലിയിലെ ആശുപത്രിയില്‍ എത്തിച്ചത്. അവധിയായതിനാല്‍ ചാലക്കുടി സ്വദേശിയായ കുട്ടി അങ്കമാലി, കറുകുറ്റിയിലെ അമ്മ വീട്ടില്‍ ആയിരുന്നു. കുട്ടിയെ നാട്ടുകാരാണ് വൈകുന്നേരത്തോടെ ആശുപത്രിയില്‍ എത്തിച്ചത്. 

ബന്ധുക്കള്‍ കുട്ടി കുളിമുറിയില്‍ വീണു എന്ന് പറഞ്ഞിരുന്നെങ്കിലും കഴുത്തിലെ മുറിവില്‍ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ പൊലീസ് സ്ഥലത്തെത്തി. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. യാതൊരു അസുഖവും കുട്ടിയെ ബാധിച്ചിരുന്നില്ല. കറുകുറ്റിയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.