കോഴിക്കോട്: ഓൺലൈന്‍ ക്ലാസ് സൗകര്യം പോയിട്ട് ശൗചാലയം പോലുമില്ലാതെ ദുരിതക്കയത്തില്‍ ഒരു കുടുംബം. കോഴിക്കോട് നടുവണ്ണൂരിലെ പതിനൊന്നുകാരി വിദ്യ വാര്‍ത്തയറിയാന്‍ സൗകര്യം ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം രണ്ടാം ഘട്ടത്തിലേക്ക് കടന്നതൊന്നും അറിഞ്ഞിട്ടു പോലുമില്ല.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ആവശ്യമായ സൗകര്യം ഇതുവരെ വിദ്യക്ക് കിട്ടിയിട്ടുമില്ല. കഷ്ടിച്ച് ആറടി ഉയരമുള്ള കൂരയിലാണ് അച്ഛനും അമ്മയും അടങ്ങുന്ന വിദ്യയുടെ കുടംബം കഴിയുന്നത്. മേൽക്കൂര ഷീറ്റിന്‍റെ ഓട്ടയിലൂടെ പകൽവെളിച്ചം ഉള്ളിലെത്തുന്ന അവസ്ഥയാണ് വിദ്യയുടെ വീടിന്. രാത്രി വിളക്കിലെ മണ്ണെണ്ണ തീരുംവരെ മാത്രം അരണ്ട വെളിച്ചും ലഭിക്കും.

സ്കൂളിൽ പോയി പഠിച്ചിരുന്നപ്പോൾ വിദ്യയ്ക്ക് പഠിക്കാന്‍ ഇത്രയൊക്കെ സൗകര്യം മതിയായിരുന്നു. പക്ഷേ ക്ലാസ് ഓൺലൈൻ ആയപ്പോൾ സ്ഥിതി മാറി. അച്ഛൻ വിനോദിന് ലോട്ടറി വില്‍പ്പനയില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിന്‍റെ ഏക ആശ്രയം. റേഷന്‍ കാര്‍ഡില്ല, വൈദ്യുതിയില്ല, കിണറില്ല, വളര്‍ന്നു വരുന്ന മകള്‍ക്ക് അടച്ചുറപ്പുള്ള ശുചിമുറി പോലും ഒരുക്കാന്‍ വിനോദിനാവുന്നില്ല.

ഇതിനിടെ ടിവിയും സ്മാർട്ട്ഫോണുമെല്ലാം സ്വപ്നങ്ങൾ മാത്രം. മഴ പെയ്താൽ പിന്നെ രക്ഷയില്ല. ഉടന്‍ അത്യാവശ്യ സാധനങ്ങള്‍ കെട്ടിപ്പെറുക്കി ബന്ധു വീടുകളില്‍ അഭയം തേടും. കഷ്ടതകള്‍ക്ക് നടുവില്‍ മകളുടെ പഠനം മുടങ്ങുന്നത് കുടുംബത്തിന്‍റെ ആധി കൂട്ടുകയാണ്.