പത്തനംതിട്ട: പത്തനംതിട്ടയിൽ ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിൽ 12 ദിവസം പ്രായമുള്ള കുഞ്ഞും. കുമ്പഴ ലാർജ് ക്ലസ്റ്ററിൽ രോഗ ബാധിതനായ ആളുടെ കുട്ടിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്തനംതിട്ടയിൽ ഇന്ന് 49 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 32 പേർക്കും സർക്കത്തിലൂടെയാണ് രോഗം പകർന്നത്. 8 പേർ വിദേശത്ത് നിന്ന് എത്തിയവരും 4 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ്. സമ്പർക്കരോഗബാധയിൽ രണ്ട് ഡോക്ടർമാർ അടക്കം മൂന്ന് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നുണ്ട്.  4 പേരുടെ ഉറവിടം അവ്യക്തമാണ്.  

സംസ്ഥാനത്ത് 1038 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 785 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ 57 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 109 പേർക്കും വിദേശത്ത് നിന്നെത്തിയ 87 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. കൊവിഡ് മൂലം ഒരു മരണം കൂടി ഇന്നുണ്ടായി. ഇടുക്കിയിലെ 75 വയസുകാരനായ നാരായണനാണ് മരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 15032 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 272 പേർ രോഗമുക്തി നേടി.