കെപിസിസിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എന്‍എസ്‍യു നേതൃത്വം രാജി ആവശ്യപ്പെടും. ഇതിനിടെ രണ്ട് സംസ്ഥാന വൈസ് പ്രസിഡന്‍റുമാര്‍ രാജിക്കത്ത് നല്‍കി. 

തിരുവനന്തപുരം : കെഎസ്‍യു സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് 12 ഭാരവാഹികള്‍ ഒഴിയും. പ്രായപരിധി പിന്നിട്ടവരും വിവാഹം കഴിഞ്ഞവരുമാണ് രാജിവയ്ക്കുക. കെപിസിസിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എന്‍എസ്‍യു നേതൃത്വം രാജി ആവശ്യപ്പെടും. ഇതിനിടെ രണ്ട് സംസ്ഥാന വൈസ് പ്രസിഡന്‍റുമാര്‍ രാജിക്കത്ത് നല്‍കി. 

മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കെഎസ്‍യു ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന പരാതിയുമായി കേന്ദ്രനേതൃത്വത്തെ സമീപിച്ചത് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനാണ്. പട്ടിക മരവിപ്പിക്കണമെന്ന അഭിപ്രായം രാഷ്ട്രീയകാര്യസമിതിയിലും ഉയര്‍ന്നു. തുടര്‍ന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടല്‍. വിവാഹം കഴിഞ്ഞ ഏഴ് ഭാരവാഹികളും പ്രായപരിധി പിന്നിട്ട അഞ്ചുപേരും ഒഴിയണമെന്നാണ് തീരുമാനം.

ഔദ്യോഗിക അറിയിപ്പ് എത്തും മുമ്പെ രാജി തുടങ്ങി. സംസ്ഥാന ഉപാധ്യക്ഷന്മാരായ വിശാഖ് പത്തിയൂരും അനന്തനാരായണനുമാണ് ഇന്ന് രാജിക്കത്ത് നല്‍കിയത്. സംഘടനയ്ക്കുള്ളില്‍ തര്‍ക്കങ്ങളുണ്ടാക്കി തുടരാന്‍ താല്‍പര്യമില്ലെന്നാണ് കത്തില്‍ വിശദീകരിക്കുന്നത്. വിവാഹിതരായതിന്‍റെ പേരില്‍ ഒഴിയേണ്ടിവരുന്ന ഏഴുപേരില്‍ ട്രാന്‍സ്ജന്‍റര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള അരുണിമ സുല്‍ഫിക്കറുമുണ്ട്. പ്രായപരിധിയായ 27 വയസ് പിന്നിട്ടവരില്‍ സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവിയറിന് മാത്രമാണ് എന്‍എസ്‍യു നേതൃത്വം ഇളവ് നല്‍കിയത്. 

ഒഴിയുന്ന 12 ഭാരവാഹികള്‍ക്ക് പകരം ആരൊക്കെ എന്നിടത്താവും അടുത്ത തര്‍ക്കം. ഗ്രൂപ്പ് വീതംവെപ്പിലെ പരാതിയുമായി ഐ ഗ്രൂപ്പും കെ.സുധാകരന്‍ പക്ഷവും ഇപ്പോള്‍ തന്നെ നിസഹകരണത്തിലാണ്. ആറുവര്‍ഷത്തിനുശേഷം നടന്ന പുനസംഘടനയുടെ പേരിലാണ് സംഘടനയില്‍ അടി തുടരുന്നത്. 

പുനഃസംഘടന തർക്കം രൂക്ഷം: കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു, കൂടുതൽ പേർ രാജിക്ക്?

YouTube video player

YouTube video player