Asianet News MalayalamAsianet News Malayalam

സാങ്കേതിക സർവകലാശാലയ്ക്ക് ഭൂമി കൊടുത്ത 126 കുടുംബങ്ങൾക്ക് ആധാരവും പണവുമില്ല, പെരുവഴിയിൽ!

കഴിഞ്ഞ ഫെബ്രുവരി 16നാണ്  ഏറെ കൊട്ടിഘോഷിച്ച്  സാങ്കേതിക സർവകലാശാലയുടെ സ്വന്തം കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്

126 family in Vilappilsala yet to get money for land given to build KTU Headquarters
Author
Thiruvananthapuram, First Published Dec 5, 2021, 8:36 AM IST

തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാല ആസ്ഥാനം പണിയാൻ ഭൂമി വിട്ടുകൊടുത്ത തിരുവനന്തപുരം വിളപ്പിൽ പഞ്ചായത്തിലെ 126 കുടുംബങ്ങൾ പെരുവഴിയിൽ. ഒരു വർഷം മുമ്പ് ആധാരമടക്കമുള്ള രേഖകൾ കൈമാറിയ ആളുകൾക്ക് ഭൂമിയും പണവുമില്ലാത്ത സ്ഥിതിയാണ്.  100 ഏക്കർ എറ്റെടുക്കാനുള്ള തീരുമാനത്തിൽ നിന്നും സർവ്വകലാശാല പിന്നോട്ട് പോയതാണ് പ്രതിസന്ധിയുടെ കാരണം.

കഴിഞ്ഞ ഫെബ്രുവരി 16നാണ്  ഏറെ കൊട്ടിഘോഷിച്ച്  സാങ്കേതിക സർവകലാശാലയുടെ സ്വന്തം കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. ഒരു തുണ്ട് ഭൂമി പോലും വാങ്ങാതെയായിരുന്നു തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ശിലാപസ്ഥാപനം നടത്തിയത്. 2014ൽ സ്ഥാപിച്ച സർവകലാശാല തിരുവനന്തപുരം എൻജിനീയറിംഗ് കോളേജ് ക്യാമ്പസിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.  സ്വന്തം ആസ്ഥാനമന്ദിരം വിളപ്പിൽശാലയിൽ സ്ഥാപിക്കാനുള്ള നടപടി തുടങ്ങിയത് 2017ലാണ്. നെടുങ്കുഴി ഇടമല റോഡിൽ വിളപ്പിൽശാല മാലിന്യസംസ്ക്കരശാലക്കടുത്തുള്ള 100 ഏക്കർ ഭൂമിയാണ് ഇതിനായി കണ്ടെത്തിയത്.

വിപണിവില നൽകാമെന്ന് പറഞ്ഞ് സ്ഥലം ഉടമകളിൽ നിന്ന് സ്ഥലത്തിന്റെ രേഖകൾ സർവകലാശാല വാങ്ങി. ഒരു വർഷം മുൻപ് രേഖകൾ വാങ്ങിയ ഇവർക്ക് ഇപ്പോൾ ആധാരവുമില്ല പണവുമില്ല എന്ന സ്ഥിതിയാണ്. സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ച ശേഷം 100 ഏക്കറിന് സർക്കാർ നിശ്ചയിച്ച പണം നൽകാൻ സർവ്വകലാശാലക്ക് കഴിയില്ലെന്ന് അറിയിച്ചതോടെയാണ് പ്രതിസന്ധി തുടങ്ങുന്നത്. 50 ഏക്കർ മാത്രം ആദ്യമെടുക്കാമെന്നാണ് തീരുമാനമെന്ന് സർവ്വകലാശാല വിശദീകരിക്കുന്നു. എന്നാൽ എപ്പോൾ എങ്ങനെ എന്നകാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഒരുകാലത്ത് നഗരത്തിന്റെ മാലിന്യകേന്ദ്രമെന്നറിയപ്പെട്ടിരുന്ന വിളപ്പിൽശാലയിലേക്ക് സാങ്കേതികസർവ്വകലാശാല വരുന്നുവെന്നറിഞ്ഞ് സ്ഥലം നൽകാൻ തയ്യാറായ നാട്ടുകാർ ഇപ്പോൾ പെരുവഴിയിലാണ്.

Follow Us:
Download App:
  • android
  • ios