കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്പോൾ പുനരധിവാസം ആവശ്യമുള്ള കുടുംബങ്ങൾക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. പുനരധിവാസം ആവശ്യമുള്ളവർ വൈകിട്ട് മൂന്ന് മണിക്ക് മുൻപ് അറിയിക്കണമെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്. ഫ്ലാറ്റുകൾ പൊളിക്കുന്നതിനായി 13 കമ്പനികൾ  സമർപ്പിച്ച ടെണ്ടറുകൾ നഗരസഭ ഇന്ന് പരിശോധിക്കും. 

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മരടിലെ നാല് ഫ്ളാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് നഗരസഭ. ഇതിന്റെ ഭാഗമായി പുനരധിവസിപ്പിക്കാനുള്ളവരുടെ കണക്കെടുക്കാൻ നഗരസഭ സെക്രട്ടറി കഴിഞ്ഞ ദിവസം ഫ്ളാറ്റുകളിൽ എത്തിയിരുന്നു. എന്നാൽ ഉടമകളുടെ പ്രതിഷേധത്തെ തുടർന്ന് നോട്ടീസുകൾ ഫ്ലാറ്റുകളുടെ ഭിത്തിയില്‍ ഒട്ടിച്ചു സെക്രട്ടറി മടങ്ങി.

താത്കാലിക പുനരധിവാസം ആവശ്യമുള്ളവർ ഇന്ന് വൈകിട്ട് 3മണിക്ക് മുൻപ് നഗരസഭ കാര്യാലയത്തിൽ നേരിട്ടോ രേഖാമൂലമോ അപേക്ഷ നൽകണം. അല്ലാത്തപക്ഷം ഇവര്‍ക്ക് വേറെ താമസസൗകര്യം ആവശ്യമില്ലെന്ന ധാരണയില്‍ നഗരസഭ സർക്കാരിലേക്ക് റിപ്പോർട്ട് നൽകുമെന്നാണ് നോട്ടീസ്. 

ഫ്ലാറ്റുകൾ പൊളിക്കാൻ താത്പര്യമറിയിച്ച് ചെന്നൈ,ഹൈദരാബാദ്,ബെംഗളളൂരു എന്നിവിടങ്ങളിൽ നിന്നുള്ള 13 കമ്പനികൾ നൽകിയ ടെണ്ടറുകൾ നഗരസഭ ഇന്ന് തുറന്ന് പരിശോധിക്കും. തുടർന്ന് ടെണ്ടർ ആർക്ക് നൽകണമെന്നത് സംബന്ധിച്ച് ഐഐടി ഉൾപ്പെടെയുള്ള വിദഗ്ധ സംഘങ്ങളുമായി നഗരസഭ ചർച്ച നടത്തും. 

ടെണ്ടർറുകൾ സമർപ്പിച്ച കമ്പനികളുടെ വിശദാംഗങ്ങളടക്കം സ‍ർക്കാരിനും നഗരസഭ റിപ്പോർട്ട് നൽകും. നാല് ഫ്ളാറ്റുകളുടേതായി 68000 സ്ക്വയർ ഫീറ്റാണ് പൊളിച്ചുനീക്കാനുള്ളത്. ഇതിനായി ഏകദേശം മുപ്പത് കോടി രൂപ വേണ്ടിവരുമെന്നാണ് നഗരസഭ കണക്കുകൂട്ടുന്നത്. ഫ്ലാറ്റുകൾ പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങളും പഠിക്കേണ്ടതുണ്ട്.