കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്തുനിന്നെത്തുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്താൻ പദ്ധതിയിട്ട 13 അംഗ ക്രിമിനൽ സംഘത്തെ പോലീസ് പിടികൂടി. പ്രതികളുടെ വാട്സ്ആപ്പ് ചാറ്റുകളിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചു. ഇതിനിടെ, ജിദ്ദയിൽ നിന്നെത്തിയ മറ്റൊരു പ്രവാസിയെ കാണാതായത് സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു.

കരിപ്പൂർ: വിദേശത്തുനിന്നെത്തുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വർണ്ണവും പണവും കവർച്ച ചെയ്യാൻ പദ്ധതിയിട്ടെത്തിയ 13 അംഗ ക്രിമിനൽ സംഘത്തെ കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്ന് പോലീസ് പിടികൂടി. പ്രതികൾ സഞ്ചരിച്ച രണ്ട് ഇന്നോവ കാറുകളും ഒരു സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായവരിൽ കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നിവടങ്ങളിൽ നിന്നുള്ളവരും കർണാടക സ്വദേശികളും ഉൾപ്പെടുന്നു. ഇവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടില്ല. അതേസമയം, ഇതേ സംഘത്തിൽപ്പെട്ട മൂന്നുപേർ പോലീസിനെ വെട്ടിച്ച് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇവർക്കായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാട്സ്‌ആപ്പ് വഴി വൻ കവർച്ചാസൂത്രണം

പിടിയിലായ പ്രതികളുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽ നിന്നും കവർച്ചാ ആസൂത്രണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. വിദേശത്തുനിന്ന് വരുന്ന യാത്രക്കാരനെ എങ്ങനെയെല്ലാം പിന്തുടരണമെന്നും ഏത് സ്ഥലത്തുവെച്ച് തട്ടിക്കൊണ്ടുപോകണമെന്നും വ്യക്തമാക്കുന്ന വാട്സ്‌ആപ്പ് ചാറ്റുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ വിമാനത്താവളത്തിൽ എത്തിയതെന്നാണ് സൂചന.

മറ്റൊരു പ്രവാസിയെ കാണാനില്ലെന്ന് പരാതി; ദുരൂഹത

അതിനിടെ, കരിപ്പൂർ വിമാനത്താവളത്തിൽ പ്രവാസിയെ കാണാനില്ലെന്ന പരാതിയും പോലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയായ മുഹമ്മദ് സൽമാൻ സാലിഹിനെയാണ് കാണാതായത്. ഇയാളെ വിമാനത്താവളത്തിൽ നിന്ന് ഏതെങ്കിലും സംഘം തട്ടിക്കൊണ്ടുപോയതാണോ അതോ ഈ സംഭവവുമായി ഇയാൾക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്. വിശദമായ അന്വേഷണത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് കരിപ്പൂർ പോലീസ് അറിയിച്ചു.