Asianet News MalayalamAsianet News Malayalam

കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മട്ടന്നൂർ മുതൽ തലശേരി വരെ 14 കേന്ദ്രങ്ങളിൽ സൗകര്യം

ഇന്ന് രാവിലെ 11.40ന് കോടിയേരിയുടെ മൃതദേഹം എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിലെത്തും. എം വി ജയരാജന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങും

14 centers from Mattanur to Thalassery to pay last respects to Kodiyeri
Author
First Published Oct 2, 2022, 9:23 AM IST

കണ്ണൂർ: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഇന്ന് കണ്ണൂരിലെത്തിക്കും. ജനത്തിരക്ക് നിയന്ത്രിക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. ജില്ലയിലുള്ളവർ പയ്യാമ്പലത്തേക്ക് വരരുതെന്നും മട്ടന്നൂർ മുതൽ തലശേരി വരെ 14 കേന്ദ്രങ്ങളിൽ വിലാപയാത്ര നിർത്തുമെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു.

ഇന്ന് രാവിലെ 11.40ന് കോടിയേരിയുടെ മൃതദേഹം എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിലെത്തും. എം വി ജയരാജന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങും. തുറന്ന വാഹനത്തിൽ വിലാപ യാത്രയായി തലശ്ശേരി ടൗൺ ഹാളിലേക്ക് കൊണ്ടുപോകും. വിലാപ യാത്ര കടന്നു പോകുന്ന വഴിയിൽ 14 കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ നിർത്തും. മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയിൽ, ആറാം മൈൽ, വേറ്റുമ്മൽ, കതിരൂർ, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിർത്തുക.

തുടർന്ന് ഇന്ന് മുഴുവൻ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. തിങ്കളാഴ്ച രാവിലെ 10 മണി മുതൽ മാടപ്പീടികയിൽ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതു ദർശനമുണ്ടാകും. തിങ്കളാഴ്ച മൂന്ന് മണിക്ക് പയ്യാമ്പലത്ത് സംസ്കാരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പാർട്ടി പ്രവർത്തകർ നടത്തുന്നത്. ഇന്നും നാളെയും സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാൻ പാർട്ടി പ്രവർത്തകർ കണ്ണുരേക്കൊഴുകും. കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കാൻ സി പി എം ആഹ്വാനം ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios