Asianet News MalayalamAsianet News Malayalam

Mandatory Quarantine : വിദേശത്ത് നിന്നെത്തുന്നവർക്ക് 14 ദിവസത്തെ സ്വയം നിരീക്ഷണം നിർബന്ധമാക്കി എറണാകുളം കലക്ടർ

മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ - പൊതുജനാരോഗ്യ സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. 

14 Day quarantine was made compulsory for all international passengers arriving in Ernakulam
Author
Kochi, First Published Dec 18, 2021, 5:29 PM IST

കൊച്ചി:  ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നും എത്തുന്നവരിലും ഒമിക്രോൺ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ വിദേശത്തു നിന്നും എത്തുന്ന എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് എറണാകുളം  ജില്ലാ കളക്ടർ ജാഫർ മാലിക അഭ്യർത്ഥിച്ചു. ഇക്കാലയളവിൽ പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നതും ചടങ്ങുകളിൽ പങ്കെടുക്കുന്നതും ഒഴിവാക്കണം. 

നെടുന്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലെത്തിയ മൂന്നു പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതിൽ ഒരാൾ കോംഗോയിൽ നിന്നും മറ്റു രണ്ടു പേർ യു.എ.ഇയിൽ നിന്നുമാണെത്തിയത്. കോംഗോയും യു.എ.ഇയും ഹൈ റിസ്ക് പട്ടികയിൽ വരാത്ത രാജ്യങ്ങളാണ്. മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ - പൊതുജനാരോഗ്യ സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. 

കോംഗോയിൽ നിന്നും എത്തിയ യാത്രക്കാരൻ സ്വയം നിരീക്ഷണത്തിൽ പോകാതെ മാളുകളിലും കടകളിലും കയറിയിറങ്ങിയത് ആരോഗ്യവകുപ്പ് അധികൃതകർക്ക് വലിയ തലവേദനയായിരുന്നു. പിന്നീട് ഇയാളുമായി അടുത്ത സമ്പർക്കം പുലർത്തിയവർ കൊവിഡ് പരിശോധനയിൽ നെഗറ്റീവായതോടെയാണ് അൽപം ആശ്വാസമായത്. യുഎഇയിൽ നിന്നും എത്തിയ ദമ്പതികൾക്കും പിന്നീട് ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരിൽ ഭ‍ർത്താവിൻ്റെ സമ്പർക്കപ്പട്ടികയിൽ നാലോളം പേ‍ർ ഉണ്ടായിരുന്നു. 

എറണാകുളം കലക്ട‍റുടെ അറിയിപ്പ് - 

വിദേശത്തു നിന്നും എത്തുന്നവർ 14 ദിവസം  നിരീക്ഷണത്തിൽ കഴിയണം

ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നും എത്തുന്നവരിലും ഒമിക്രോൺ സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ വിദേശത്തു നിന്നും എത്തുന്ന എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് അഭ്യർത്ഥിക്കുന്നു.

ഇക്കാലയളവിൽ പൊതുസ്ഥലങ്ങൾ സന്ദർശിക്കുന്നതും ചടങ്ങുകളിൽ പങ്കെടുക്കുന്നതും ഒഴിവാക്കണം. നെടുമ്പാശ്ശേരി വിമാനത്താവളം വഴി നാട്ടിലേക്ക് എത്തിയ മൂന്നു പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ കോംഗോയിൽ നിന്നും മറ്റു രണ്ടു പേർ യു.എ.ഇയിൽ നിന്നുമാണെത്തിയത്. കോംഗോയും യു.എ.ഇയും ഹൈ റിസ്ക് പട്ടികയിൽ വരാത്ത രാജ്യങ്ങളാണെന്നിരിക്കെ അതീവ ജാഗ്രത അനിവാര്യമാണ്.

ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെട്ട ഹൈ റിസ്ക് വിഭാഗത്തിൽപെട്ട രാജ്യങ്ങളിൽ നിന്ന് എത്തുന്ന എല്ലാവരെയും വിമാനത്താവളത്തിൽ വച്ചു തന്നെ കോവിഡ് പരിശോധന നടത്തി. ഫലം നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് വീടുകളിലേക്ക് അയക്കുന്നത്. ഇവർ ഏഴു ദിവസം വീടുകളിൽ പൊതു സമ്പർക്കം ഒഴിവാക്കി ക്വാറൻറീനിൽ കഴിയണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആയാലും ഇവർ 7 ദിവസം കൂടി സ്വയം നിരീക്ഷണം തുടരണം. 

അതേസമയം മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിമാനത്താവളത്തിൽ നിലവിൽ റാൻഡം പരിശോധനയാണ് നടത്തുന്നത്. അതിനാൽ ഇവിടെ എത്തുന്നത് മുതൽ അടുത്ത 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം. കോവിഡ് അനുബന്ധ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും വേണം.  

മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ - പൊതുജനാരോഗ്യ സംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കും
 

Follow Us:
Download App:
  • android
  • ios