കണ്ണൂർ: പയ്യന്നൂർ അമാൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ഒന്നരക്കോടിയിലേറെ രൂപ നഷ്ടപ്പെട്ടതായി പരാതി ലഭിച്ചെന്ന് പൊലീസ്. പണവും സ്വർണ്ണവും നഷ്ടപ്പെട്ടെന്ന 15 പരാതികളാണ് ലഭിച്ചത്. ഇന്നും സ്റ്റേഷനിലേക്ക് പരാതികളുമായി കൂടുതൽ പേരെത്തുമെന്നറിയിച്ചിട്ടുണ്ട്. ഗൾഫിലുള്ള ജ്വല്ലറി ഡയറക്ടർമാരെക്കുറിച്ച് വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്നും പൊലീസ് വ്യക്തമാക്കി. 

2016 മുതൽ 2019 വരെ പയ്യന്നൂ‍ർ പുതിയ ബസ്റ്റാന്റ് സമീപത്ത്  പ്രവർത്തിച്ച അമാൻ ഗോൾഡിനെതിരെയാണ് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതി ഉയർന്നത്. നിക്ഷേപത്തിന് ഓരോ മാസവും ഒരു ലക്ഷത്തിന് ആയിരം രൂപ നിരക്കിൽ ഡിവിഡന്‍റ് തരാമെന്നും മൂന്ന് മാസം മുൻപേ അറിയിച്ചാൽ നിക്ഷേപം തിരികെ തരാമെന്നുമുള്ള വ്യവസ്ഥയിലാണ് പണം സ്വീകരിച്ചത്. 

ആളുകളിൽ നിന്നും നിക്ഷേപം നേരിട്ട് സ്വീകരിച്ച ജ്വല്ലറി മാനേജിംഗ് ഡയറക്ടർ പികെ മൊയ്തു ഹാജിക്കെതിരെ വഞ്ചന കുറ്റത്തിനാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇയാൾ ഇപ്പോഴും ഒളിവിലാണ്. അതിനിടെ തട്ടിപ്പ് നടത്തിയത് ജ്വല്ലറി മാനേജറും ഡയറക്ടറുമായിരുന്ന നിസാറാണെന്ന് ജ്വല്ലറി എംഡി മൊയ്തു ഹാജി ആരോപിച്ചു. തട്ടിപ്പിലൂടെ നേടിയ പണമുപയോ​ഗിച്ച് ദുബായിലേക്ക് കടന്ന് അവിടെ ബിസിനസ് നടത്തുകയാണ് നിസാറെന്നും മൊയ്തു ഹാജി  ആരോപിച്ചു. 

അമാൻ ​ഗോൾഡ് നിക്ഷേപ തട്ടിപ്പ്; നിർണ്ണായക വെളിപ്പെടുത്തലുമായി 'ഒളിവിലുള്ള എംഡി' മൊയ്തു ഹാജി