പയ്യന്നൂർ: പയ്യന്നൂർ അമാൻ ​ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ഒളിവിലുള്ള അമാൻ ഗോൾഡ്  എംഡി മൊയ്തു ഹാജി. തട്ടിപ്പ് നടത്തിയത് ജ്വല്ലറി മാനേജറും ഡയറക്ടറുമായിരുന്ന നിസാറാണെന്ന് മൊയ്തു ഹാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തട്ടിപ്പിലൂടെ നേടിയ പണമുപയോ​ഗിച്ച് ദുബായിലേക്ക് കടന്ന് അവിടെ ബിസിനസ് നടത്തുകയാണ് നിസാർ. ജ്വല്ലറി പൂട്ടിയപ്പോൾ 110 നിക്ഷേപകർക്കായി നൽകാനുണ്ടായിരുന്നത് 9 കോടി രൂപയാണ്. ഈ തുക ആറ് ഡയറക്ടർമാർ ചേർന്ന് കൊടുത്ത് തീർക്കാൻ ധാരണയായി. എന്നാൽ, പണം നൽകാൻ നിസാർ മാത്രം തയ്യാറാകുന്നില്ലെന്നും മൊയ്തു ഹാജി പറഞ്ഞു.

പയ്യന്നൂർ അമാൻ ഗോൾഡ് തട്ടിപ്പ് കേസിൽ ഇന്നലെ 22 പേർ കൂടി പരാതി നൽകിയിരുന്നു. ഈ പരാതികൾ പൊലീസ് പരിശോധിച്ചു വരികയാണ്. നേരത്തെ രജിസ്റ്റർ ചെയ്തതുൾപ്പടെ ഇതുവരെ ഒരു കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലീസ് അനുമാനം.

കേസിലെ മുഖ്യപ്രതി മൊയ്തു ഹാജി ഇപ്പോഴും ഒളിവിലാണ്. ഇതുവരെ ആറ് കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൂടുതൽ പരാതികൾ ലഭിച്ച സാഹചര്യത്തിൽ കൂടുതൽ കേസുകൾ ഇനി രജിസ്റ്റർ ചെയ്യും. കാസർകോട് ഫാഷൻ ഗോൾഡിന് പിന്നാലെയാണ് കണ്ണൂർ പയ്യന്നൂരിൽ വൻ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടന്നതായുള്ള വിവരം പുറത്തു വന്നത്.  .

2016 മുതൽ 2019 വരെ പയ്യന്നൂ‍ർ പുതിയ ബസ്റ്റാന്റ് സമീപത്ത്  പ്രവർത്തിച്ച  അമാൻ ഗോൾഡിനെതിരെയാണ് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതി. തൃക്കരിപ്പൂർ സ്വദേശി നൂറുദ്ദീനിൽ നിന്ന് 15 ലക്ഷം രൂപയും, കുഞ്ഞിമംഗലം സ്വദേശി ഇബ്രാഹിമിൽ നിന്ന് 20 ലക്ഷവും , പെരുമ്പ സ്വദേശി കുഞ്ഞാലിമയിൽ നിന്ന് മൂന്ന് ലക്ഷവും നിക്ഷേപമായി സ്വകീരിച്ചെന്നും വ്യവസ്ഥകൾ ലംഘിച്ച് പണം തിരിച്ച് നൽകാതെ വഞ്ചിച്ചുവെന്നുമുള്ള പരാതിയിൽ പൊലീസ് എഫ്ഐആറിട്ട് അന്വേഷണം തുടങ്ങി. 

നിക്ഷേപത്തിന് ഓരോ മാസവും ഒരു ലക്ഷത്തിന് ആയിരം രൂപ നിരക്കിൽ ഡിവിഡന്‍റ് തരാമെന്നും മൂന്ന് മാസം മുൻപേ അറിയിച്ചാൽ നിക്ഷേപം തിരികെ തരാമെന്നുമുള്ള വ്യവസ്ഥയിലാണ് പണം സ്വീകരിച്ചത്. ആളുകളിൽ നിന്നും നിക്ഷേപം നേരിട്ട് സ്വീകരിച്ച  ജ്വല്ലറി മാനേജിംഗ് ഡയറക്ട പികെ മൊയ്തു ഹാജിക്കെതിരെ വഞ്ചന കുറ്റത്തിനാണ് കേസ്.

ജ്വല്ലറിയുടെ മറ്റ് ഡയറക്ടർമാർ വിദേശത്തേക്ക് കടന്നതായാണ് വിവരം.  ജ്വല്ലറി തകരാൻ കാരണം ഡയക്ടർമാർ നിക്ഷേപമായി കിട്ടിയ പണം വകമാറ്റി ഉപയോഗിച്ചതുകൊണ്ടാണെന്ന് പരാതിക്കാർ ആരോപിക്കുന്നു. ജ്വല്ലറി പൂട്ടിയെങ്കിലും പണം ഉടൻ തിരികെ നൽകാമെന്ന് ഉറപ്പ് പറഞ്ഞത്കൊണ്ടാണ് ആരും ഇതുവരെ പൊലീസിൽ പരാതി നൽകാതിരുന്നത്.