Asianet News MalayalamAsianet News Malayalam

കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; സംസ്ഥാനത്ത് 15 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; 64 പേർ ചികിത്സയിൽ

ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

15 more confirmed covid 19 in Kerala
Author
Thiruvananthapuram, First Published Mar 22, 2020, 6:47 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15 പേര്‍ക്ക് കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇവരില്‍ രണ്ട് പേര്‍ എറണകുളം ജില്ലക്കാരും രണ്ട് പേര്‍ മലപ്പുറം ജില്ലക്കാരും രണ്ട് പേര്‍ കോഴിക്കോട് ജില്ലക്കാരും നാല് പേര്‍ കണ്ണൂര്‍ ജില്ലക്കാരും അഞ്ച് പേര്‍ കാസറഗോഡ് ജില്ലക്കാരുമാണ്. 

ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതുവരെ 184 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ചു. വിവിധ ജില്ലകളിലായി 59,295 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 58,981 പേര്‍ വീടുകളിലും 314 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9776 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.

കണ്ണൂരിൽ ചെറുവാഞ്ചേരി, കുഞ്ഞിമംഗലം, നാറാത്ത്, ചപ്പാരപ്പടവ് സ്വദേശികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാറാത്ത് സ്വദേശി ജില്ലാ ആശുപത്രിയിലും ചെറുവാഞ്ചേരി സ്വദേശി തലശ്ശേരി ജനറൽ ആശുപത്രിയിലും കുഞ്ഞിമംഗലം, ചപ്പാരപ്പടവ് സ്വദേശികൾ പരിയാരത്തും ചികിത്സയിൽ കഴിയുകയാണ്. എല്ലാവരും ഗൾഫിൽ നിന്ന് എത്തിയവരാണ്.

കാസർകോട് ജില്ലയിലെ കൊവിഡ് ബാധിതർ നെല്ലിക്കുന്ന്, വിദ്യാനഗർ, ചന്ദ്രഗിരി, മരക്കാപ്പ് കടപ്പുറം, ചെങ്കള സ്വദേശികളാണ്. ഇവർ അഞ്ചുപേരും ദുബായിൽ നിന്ന് വന്നവരാണ്.  ഒരാൾക്ക് 58ഉം ഒരാൾക്ക് 27ഉം ഒരാൾക്ക് 32ഉം  ഒരാൾക്ക് 41ഉം ഒരാൾക്ക് 33ഉം വയസാണ് പ്രായം. എല്ലാവരും പുരുഷൻമാരാണ്. 

എറണാകുളം ജില്ലക്കാരായ രണ്ടു പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് എറണാകുളം ജില്ലയിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇവർ കഴിഞ്ഞ ദിവസം ദുബൈയിൽ നിന്ന് എത്തിയതാണ്. പനി ലക്ഷണങ്ങൾ കണ്ടതോടെ വിമാനത്താവളത്തിൽ നിന്ന് കളമശേരിയിലെ ഐസൊലേഷനിലേക്ക് മാറ്റുകയായിരുന്നു.

കോഴിക്കോട് രോഗം സ്ഥിരീകരിച്ചത് വിദേശത്തുനിന്ന് എത്തിയ രണ്ടുപേർക്കാണ്. ഒരാൾ ബീച്ച് ആശുപത്രിയിലും മറ്റൊരാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഒരാൾ പുരുഷനും ഒരാൾ സ്ത്രീയുമാണ്. സ്ത്രീ അബുദാബിയിൽ നിന്നെത്തിയതാണെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. ഇരുവരെയും വിമാനത്താവളത്തിൽ നിന്ന് നേരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഒരാൾ കരിപ്പൂർ വിമാനത്താവളം വഴിയും മറ്റേയാൾ നെടുമ്പാശേരി വിമാനത്താവളം വഴിയും വന്നതാണെന്ന് സ്ഥിരീകരിച്ചു. രണ്ട് പേരും ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Follow Us:
Download App:
  • android
  • ios