തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ അയിരൂർ പൊലീസ് സ്റ്റേഷനിലെ 15 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൻ്റോൺമെന്റ് അസി. കമ്മീഷണർ ഓഫീസിലെ 8 പൊലീസുകാർക്കും കൊവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൊവിഡ് ബാധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തിലെ വര്‍ദ്ധനവ് ആശങ്ക ഉയര്‍ത്തുന്നുണ്ട്. സംസ്ഥാനത്ത് ഇന്നലെ 1530 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് 519 കൊവിഡ് രോഗികളാണുള്ളത്. 

തിരുവനന്തപുരം ജില്ലയിലെ 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ 53 ആരോഗ്യപ്രവര്‍ത്തകരാണ് കൊവിഡ് ബാധിതരായിരിക്കുന്നത്. 1351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,62,217 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,48,793 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,424 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1548 പേരെയാണ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.