തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 158 കൊലപാതകങ്ങളാണ് നടന്നത്. ഇവയിൽ അൻപത് ശതമാനത്തിലധികം കേസുകളും സാമൂഹ്യ വിരുദ്ധരും ഗുണ്ടകളും ഉൾപ്പെട്ടവയാണ്. ലഹരി വ്യാപാരവും വരുമാനം പങ്കിടൽ സംബന്ധിച്ച തർക്കങ്ങളുമാണ് മിക്ക ആക്രമണങ്ങൾക്ക് പിന്നിലുമെന്ന് പൊലീസ് പറയുന്നു. പൊലീസ് ചട്ടങ്ങളും നിയമങ്ങളും കാലത്തിനൊത്ത് പരിഷ്കരിക്കണമെന്നാണ് വിദഗ്ധരുടെ പക്ഷം

2019 ഏപ്രിലിൽ ശ്യാം, ക്രിസ്റ്റോ എന്നീ യുവാക്കളെ ഗുണ്ടാ സംഘം വെട്ടിക്കൊലപ്പെടുത്തിയത് മുണ്ടൂരിലെ വഴിയരികിൽ വച്ച്. ബൈക്കിൽ സഞ്ചരിച്ച യുവാക്കളെ ഇടിച്ചിട്ട ശേഷം പന്നിപ്പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു ആക്രമണം. 

താന്ന്യത്ത് ചായക്കടയിലിരിക്കുകയായിരുന്ന ആദർശിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം, എടത്തിരുത്തി അയിനിച്ചോട് സ്വദേശി സനിൽ , അച്ഛൻ ശങ്കരൻ കുട്ടി എന്നിവരെ വീട്ട് മുറ്റത്തിട്ട് ആക്രമിച്ചത്, കുന്നംകുളത്ത് പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് ആക്രമണം, കരിക്കാട്ട് ഗുണ്ടാ റാണി എന്നറിയപ്പെടുന്ന ഹസീനയുടെ നേതൃത്വത്തിൽ ദമ്പതിയെ ആക്രമിച്ചത് തുടങ്ങി ആക്രമണ പരമ്പര തന്നെയാണ് അരങ്ങേറിയത്. കൊലപാതകക്കേസുകളിൽ 232 പേർ പിടിയാലിട്ടുണ്ട്. പല കേസുകളിലായി അമ്പതോളം പേരെ പിടികൂടാനുണ്ട്. ലഹരിയുടെ ഒഴുക്ക് തടയുന്നതാണ് പ്രശ്നപരിഹാരത്തിന് സാധ്യമായ ഏക വഴി എന്ന് പറയുന്നു വിദഗ്ധർ.

തൃശ്ശൂർ നഗര പരിധിയിൽ മാത്രം സംഘം ചേർന്ന് വീടാക്രമിച്ച 20 കേസുകൾ കഴിഞ്ഞ 5 വർഷത്തിനിടെയുണ്ടായിട്ടുണ്ട്. മിക്ക കേസുകളിലും പ്രതികൾ വലയിലായെങ്കിലും ഇതുണ്ടാക്കിയ ആശങ്ക ചെറുതല്ല. മിക്കതും ഒറ്റപ്പെട്ട സംഭവമാമെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. പട്രോളിംഗ് ശക്തിപ്പെടുത്തിയുള്ള നടപടികൾ എത്രത്തോളം ഫലം കാണുമെന്ന് കാത്തിരുന്ന് കാണണം. 

.