കൊച്ചി: അബുദാബിയില്‍ നിന്നും രണ്ട് കൈക്കുഞ്ഞുങ്ങളുള്‍പ്പെടെ 175 യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നെടുമ്പാശ്ശേരിയിലെത്തി. രാത്രി 8.39 നാണ് വിമാനം ലാൻഡ് ചെയ്തത്. തൃശ്ശൂർ, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് യാത്രക്കാരില്‍ അധികവും. ഇവരുടെ ആരോഗ്യപരിശോധനകള്‍ തുടരുകയാണ്. 

കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച അഞ്ച് പേരെ അബുദാബി വിമാനത്താവളത്തില്‍ നിന്നും തിരിച്ചയച്ചു. നാളെ ദമാമില്‍ നിന്നും ക്വാലാലംപൂരില്‍ നിന്നുമുള്ള രണ്ട് വിമാനങ്ങള്‍ കൂടി കൊച്ചിയിലെത്തും. സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്ന പ്രവാസികള്‍ നേരിട്ട് ആശുപത്രികളിലേക്ക് പോകരുതെന്നും ചികിത്സ ആവശ്യമുള്ളവർ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.