എറണാകുളം: ബെംഗളൂരുവിലെ നാഷണല്‍ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമ പഠനത്തിൽ 18 സ്വര്‍ണ്ണ മെഡലുകൾ നേടി മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് എറണാകുളം ഉദയംപേരൂർ സ്വദേശിയായ യമുന മേനോൻ. 

സര്‍വ്വകലാശാലയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരാൾ ഇത്രയധികം മെഡലുകൾ നേടുന്നത്. ലോക്സഭ സ്പീക്കറടക്കം നിരവധി പ്രമുഖരാണ് യമുനയെ അഭിനന്ദിച്ചത്. നിയമപഠനത്തില്‍ ഒന്നാം റാങ്കിനൊപ്പം അക്കാദമിക് മികവിനും സ്വര്‍ണ്ണമെഡലുകൾ വാരിക്കൂട്ടി യമുന. 

വിവിധ വിഷയങ്ങളിൽ ഉയര്‍ന്ന വിജയം നേടിയതിനാണ് മെഡലുകള്‍ ലഭിച്ചത്. കൊവിഡായതിനാൽ ഓണ്‍ലൈനിലൂടെയായിരുന്നു ബിരുധദാനച്ചടങ്ങ്. മെഡലുകൾ നേരിട്ട് വാങ്ങാൻ കഴിയാഞ്ഞതിലെ വിഷമം മാത്രമേ യമുനയ്ക്കുള്ളു.

പത്താം ക്ലാസിലെ അവധിക്ക് അച്ഛൻറെ സുഹൃത്ത് പറഞ്ഞു കേട്ട കോടതി കഥകളാണ് നിയമപഠനത്തിലേക്ക് യമുനയെ എത്തിച്ചത്. വൻ വിജയം നേടിയതിന് പിന്നാലെ വിദേശ സര്‍വ്വകലാശാലകളിൽ നിന്നും തുടർപഠനത്തിനായി നിരവധി അവസരങ്ങൾ യമുനയെ തേടിയെത്തി. അടുത്താഴ്ച്ച ഉന്നതപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഐക്യരാഷ്ട്രസഭ പോലുള്ള രാജ്യാന്തര സംഘടനകളില്‍ ജോലി നേടുകയാണ് ലക്ഷ്യം.