കൊച്ചിയിൽ 19 വയസ്സുകാരിക്ക് നേരെ ലൈംഗീകാതിക്രമം: മൂന്ന് പേര്‍ അറസ്റ്റിൽ
സംഭവത്തിൽ എറണാകുളം കോന്തുരത്തി സ്വദേശികളായ മനോജ് കുമാര്‍, അരുണ്‍, സനു എന്നിവരാണ് അറസ്റ്റിലായത്.

കൊച്ചി: കൊച്ചിയിൽ പെൺകുട്ടിക്ക് പീഡനം.സുഹൃത്തിനൊപ്പം യാത്ര ചെയ്തിരുന്ന മുബൈ സ്വദേശിയായ 19കാരിയെയാണ് മൂന്നംഗ സംഘം ഉപദ്രവിച്ചത്. മൂന്നുപേരേയും പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബൈക്കില്‍ ആൺ സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് നേരെ ആക്രണണമുണ്ടായത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടിയുടെ മൊബൈല്‍ ഫോൺ നഷ്ടമായിരുന്നു. ഇത് തെരയുന്നതിനിടെ എറണാകുളം കോന്തുരുത്തി സ്വദേശികളായ മനോജ് കുമാർ, അരുൺ, സനു എന്നീ യുവാക്കള്‍ ഇവരുടെ അടുത്തെത്തി. മൊബൈല്‍ഫോൺ കണ്ടെടുക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി ഇരുവരേയും വാഹനത്തില്‍ കയറ്റി. നഗരത്തില്‍ ഏറെ നേരം കറങ്ങിയതോടെ ഭയന്ന പെൺകുട്ടിയുടെ സുഹൃത്ത് വാഹനത്തില്‍ നിന്നും ഇറങ്ങി ഓടി രക്ഷപെട്ടു.
ഒറ്റയ്ക്കായതോടെ മൂന്നംഗ സംഘം വാഹനത്തില്‍ വച്ച് ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. ലൈംഗീകാതിക്രമത്തിനു പുറമേ സ്വർണാഭരണവും കവർന്നു. പെൺകുട്ടിയുടെ പരാതിയില്‍ കേസെടുത്ത സൗത്ത് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മുംബൈ സ്വദേശിയായ പെൺകുട്ടി കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരിയാണ്.