Asianet News MalayalamAsianet News Malayalam

കാസർകോട് ടാറ്റ നിർമ്മിച്ച ആശുപത്രിയിലേക്ക് 191 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ തീരുമാനം

 കോവിഡിന്റെ പശ്ചാത്തലത്തില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നുവെങ്കിലും കോവിഡ് നിയന്ത്രണ വിധേയമാകുമ്പോള്‍ സാധാരണ ആശുപത്രിയായി പ്രവര്‍ത്തിക്കാനാകും

191 post to be created at Tata hospital Kasargode
Author
Kasaragod, First Published Sep 30, 2020, 4:13 PM IST

തിരുവനന്തപുരം: കാസര്‍ഗോഡ് ജില്ലയില്‍ ടാറ്റ ഗ്രൂപ്പ് നിർമ്മിച്ച ആശുപത്രിക്ക് ഒന്നാംഘട്ടമായി 191 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. കാസർകോട് ജില്ലയില്‍ കൊവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച് സര്‍ക്കാരിന് നല്‍കിയതാണ് പുതിയ ആശുപത്രി. ഇതിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ തസ്തികള്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നുവെങ്കിലും കോവിഡ് നിയന്ത്രണ വിധേയമാകുമ്പോള്‍ സാധാരണ ആശുപത്രിയായി പ്രവര്‍ത്തിക്കാനാകും. കാസര്‍ഗോഡ് മേഖലയിലെ ചികിത്സാ സൗകര്യം ഇതിലൂടെ വര്‍ധിപ്പിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു സൂപ്രണ്ട്, ഒരു ആര്‍.എം.ഒ, 16 ജൂനിയര്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്, ആറ് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, 16 അസിസ്റ്റന്റ് സര്‍ജന്‍, രണ്ട് നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേഡ്-1, ആറ് ഹെഡ് നഴ്‌സ്, 30 സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-1, 30 സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-2, നാല് ലാബ് ടെക്‌നീഷ്യന്‍, ഒരു സ്റ്റോര്‍ സൂപ്രണ്ട്, ഒരു ഫാര്‍മസിസ്റ്റ് സ്റ്റോര്‍ കീപ്പര്‍, നാല് ഫാര്‍മസിസ്റ്റ്, രണ്ട് റേഡിയോഗ്രാഫര്‍, രണ്ട് ഇസിജി ടെക്‌നീഷ്യന്‍, 25 നഴ്‌സിംഗ് അസിസ്റ്റന്റ്, 10 ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-1, 20 ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് ഗ്രേഡ്-2, 3 പാര്‍ട്ട് ടൈം സ്വീപ്പര്‍, ഒരു മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍, ഒരു പ്ലമ്പര്‍, ഒരു ഇലക്ട്രീഷ്യന്‍, രണ്ട് ഡ്രൈവര്‍, ഒരു ജൂനിയര്‍ സൂപ്രണ്ട്, രണ്ട് സീനിയര്‍ ക്ലാര്‍ക്ക്, രണ്ട് ക്ലാര്‍ക്ക്, ഒരു ഓഫീസ് അറ്റന്‍ഡന്റ് എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചിരിക്കുന്നത്.

കാസർകോട് ജില്ലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സാ സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ ജില്ലയിലെ ജനങ്ങള്‍ ചികിത്സയ്ക്കായി മംഗലാപുരത്തെ ആശുപ്രതികളെയാണ് അധികമായി ആശ്രയിക്കുന്നത്. കൊവിഡ് വ്യാപിച്ച സമയത്ത് കര്‍ണാടകം അതിര്‍ത്തി അടച്ചിട്ടപ്പോള്‍ നിരവധി രോഗികള്‍ക്ക് ചികിത്സ കിട്ടാതെ ദൂരെയുള്ള പരിയാരം ഗവ. മെഡിക്കല്‍ കോളേജിനെ ആശ്രയിക്കേണ്ടി വന്നു. ഈയൊരു സാഹചര്യത്തിലാണ് സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം നാല് ദിവസത്തിനുള്ളില്‍ കാസർകോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് അത്യാധുനിക സൗകര്യങ്ങളുള്ള 200 കിടക്കകളുള്ള കോവിഡ് ആശുപത്രിയായി സജ്ജീകരിച്ചു. ഈ മെഡിക്കല്‍ കോളേജിനായി 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളുടെ നേതൃത്വത്തില്‍ ചികിത്സാ സേവനങ്ങള്‍ ഉറപ്പുവരുത്തി. ഈ തസ്തികകള്‍ കൂടാതെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ജില്ലയിലെ ആശുപത്രികളില്‍ 169 സ്ഥിരം തസ്തികകളും കോവിഡ് കാലത്ത് 372 താത്ക്കാലിക തസ്തികകളും സൃഷ്ടിച്ച് നിയമനം നടത്തിയിട്ടുണ്ട്. ഇതോടെ കാസര്‍ഗോഡ് ആരോഗ്യമേഖലയില്‍ 633 സ്ഥിരം തസ്തികകളാണ് സൃഷ്ടിച്ചത്.

ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടുകൂടി കാസർകോട് ജില്ലയിലെ തെക്കില്‍ വില്ലേജില്‍ 553 കിടക്കകളോടുകൂടിയ പുതിയ ആശുപ്രതി നിര്‍മ്മിച്ചത്. ടാറ്റാ ഗ്രൂപ്പാണ് വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ആശുപത്രി സൗജന്യമായി നിര്‍മ്മിച്ച് സര്‍ക്കാരിന് കൈമാറിയത്. എല്ലാ പികിത്സാ സംവിധാനങ്ങള്‍ക്കുളള ഭൗതിക സാഹചര്യം ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. കാസർകോട് ജനറല്‍ ആശുപ്രതിയോട് അനുബന്ധിച്ചുള്ള സ്‌പെഷ്യാലിറ്റി സംവിധാനങ്ങളുള്ള കോവിഡ് ആശുപത്രിയായാണ് ഇതിനെ മാറ്റിയിരിക്കുന്നത്. ഇതിലൂടെ അത്യാവശ്യ ഘട്ടങ്ങളില്‍ ജില്ലാ-ജനറല്‍ ആശുപ്രതികളെ കോവിഡ് ആശുപ്രതിയായി മാറ്റുന്നതിനും സാധിക്കും. ഇതിലേക്ക് ആവശ്യമായ മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലേക്കുള്ള ജീവനക്കാരുടെ തസ്തികകളാണ് സൃഷ്ടിച്ചത്.

Follow Us:
Download App:
  • android
  • ios