രാജസ്ഥാനിൽ വിരമിച്ച ജഡ്ജിയെ വെർച്വൽ അറസ്റ്റ് ഭീഷണിയിലൂടെ കബളിപ്പിച്ച് 2.5 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാനി കൊച്ചിയിൽ പിടിയിലായി. പുൽവാമ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു തട്ടിപ്പ്. രാജസ്ഥാൻ പൊലീസും കൊച്ചി സിറ്റി പൊലീസും സംയുക്തമായാണ് വരാപ്പുഴ സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തത്.
കൊച്ചി: രാജസ്ഥാനിൽ വിരമിച്ച ജഡ്ജിയിൽ നിന്ന് വെർച്വൽ അറസ്റ്റ് ഭീഷണിയിലൂടെ 2.5 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രധാന സംഘാംഗം കൊച്ചിയിൽ അറസ്റ്റിലായി. വരാപ്പുഴ മണ്ണാംതുരുത്ത് ചിറ്റേത്ത് വീട്ടിൽ ആനന്ദ് ബാബുവിനെ (32) ആണ് രാജസ്ഥാൻ പൊലീസും കൊച്ചി സിറ്റി പൊലീസും ചേർന്ന് വരാപ്പുഴയിൽ നിന്ന് പിടികൂടിയത്. കേസിന്റെ അന്വേഷണത്തിനായി രാജസ്ഥാൻ പൊലീസ് സംഘം കൊച്ചിയിലെത്തുകയും കൊച്ചി സിറ്റി പൊലീസിൻ്റെ സഹായം തേടുകയും ചെയ്തിരുന്നു.
പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഹവാല ഇടപാടുകളിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതികൾ രാജസ്ഥാനിലെ റിട്ടയേർഡ് ജഡ്ജിയെ ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിലാക്കി തട്ടിപ്പ് നടത്തിയത്. എറണാകുളം സെൻട്രൽ എ.സി.പി സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രാജസ്ഥാൻ പൊലീസും ചേർന്ന് വരാപ്പുഴയിൽ നടത്തിയ തിരച്ചിലിലാണ് പ്രതി വലയിലായത്. കേസിലെ കൂടുതൽ പ്രതികൾ കേരളത്തിൽ നിന്നുള്ളവരാണെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചു. സബ് ഇൻസ്പെക്ടർമാരായ അനൂപ് സി., ഹരീഷ്, ഇ.എം. ഷാജി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുനിൽ ജലീൽ, എസ്.സി.പി.ഒമാരായ ഹരീഷ് ബാബു, വിബിൻ, ഷിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.


