Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് 2.61 ലക്ഷം പേര്‍ ഇപ്പോഴും ക്യാംപുകളില്‍: 58 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിട്ടത് മലപ്പുറം ജില്ലയിലാണ്. 23 പേരാണ് പ്രളയത്തില്‍ മലപ്പുറം ജില്ലയില്‍ ഇതുവരെ മരിച്ചത്. 

2.61 lakhs people in relief camps
Author
Kozhikode, First Published Aug 12, 2019, 8:26 AM IST

തിരുവനന്തപുരം: അഞ്ച് ദിവസം നീണ്ടു നിന്ന പേമാരി അവസാനിച്ചിട്ടും സംസ്ഥാനത്ത് ദുരിതബാധിതര്‍ക്ക് വീട്ടിലേക്ക് തിരിച്ചു പോകാനാവുന്നില്ല. ക്യംപുകളില്‍ കഴിയുന്നവരുടെ എണ്ണം 2.61 ലക്ഷമായി. ഇന്നലെ ക്യാംപുകളില്‍ ഉള്ളവരുടെ എണ്ണം രണ്ടരലക്ഷമായിരുന്നു.

വെള്ളപ്പൊക്കത്തിലും പേമാരിയിലും ഇതുവരെ 72 പേര്‍ മരണപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. 58 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതില്‍ 50 പേര്‍ക്കായി കവളപ്പാറയിലും 7 പേര്‍ക്കായി വയനാട്ടിലും തെരച്ചില്‍ തുടരുന്നു. കോട്ടയത്തും ഒരാളെ പ്രളയത്തില്‍ കാണാതായിട്ടുണ്ട്. വയനാട്ടിലും മലപ്പുറത്തും കാണാനില്ലാത്തവരുടെ സംഖ്യയില്‍ വ്യത്യാസം വരാന്‍ സാധ്യതയുണ്ട്. 

നിലവില്‍ സംസ്ഥാനത്താകെ 1639 ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2966 വീടുകള്‍ ഭാഗികമായും 286 വീടുകള്‍ പൂര്‍ണമായും പ്രളയത്തില്‍ തകര്‍ന്നു. പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിട്ടത് മലപ്പുറം ജില്ലയിലാണ്. 23 പേരാണ് പ്രളയത്തില്‍ മലപ്പുറം ജില്ലയില്‍ മരിച്ചത്.

50 പേരെ ഇനിയും കണ്ടെത്താനുണ്ട്. മലപ്പുറത്താണ് - 232 ക്യാംപുകളിലായി 15197 കുടുംബങ്ങളിലെ 55720 പേര്‍ ദുരിതബാധിതരായി കഴിയുന്നു. 456 വീടുകള്‍ ഭാഗീകമായും 65 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. രണ്ട് പേര്‍ പരിക്കേറ്റ് ചികിത്സയിലുണ്ട്. 

കോഴിക്കോട്ട് 317 ക്യാംപുകളിലായി 18024 കുടുംബങ്ങളിലെ 58317 പേര്‍ കഴിയുന്നു. 154 പേര്‍ ഭാഗികമായും 3 വീടുകള്‍ പൂര്‍ണമായും പ്രളയത്തില്‍ തകര്‍ന്നു. 17 പേര്‍ മരണപ്പെട്ടു. വയനാട്ടില്‍ 214 ക്യാംപുകളിലായി 10379  കുടുംബങ്ങളിലെ 37395 പേര്‍ കഴിയുന്നു. 30 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും ദുരന്തത്തില്‍ തകര്‍ന്നു. ഒന്‍പത് പേര്‍ പ്രളയത്തിനിടെ പരിക്കേറ്റ് ചികിത്സയിലാണ്. കാണാതായ ഏഴ് പേരെ ഇനിയും കണ്ടെത്താനായിട്ടുണ്ട്. 12 പേര്‍ ജില്ലയില്‍ ഇതുവരെ മരണപ്പെട്ടു. 

Follow Us:
Download App:
  • android
  • ios