Asianet News MalayalamAsianet News Malayalam

പെണ്ണൊരുമയുടെ കരുതലില്‍ രണ്ട് ദിനംകൊണ്ട് 20 കോടി ഏഴ് ലക്ഷം; വയനാടിന്‍റെ പുനരധിവാസത്തിന് കുടുംബശ്രീയും

വയനാട് ദുരന്തം:  സമഗ്ര പുനരധിവാസത്തിന് മാതൃകാ പ്രവര്‍ത്തനങ്ങളുമായി കുടുംബശ്രീ  

20 crores and seven lakhs in two days Kudumbashree for the rehabilitation of Wayanad
Author
First Published Aug 29, 2024, 8:10 PM IST | Last Updated Aug 29, 2024, 8:10 PM IST

തിരുവനന്തപുരം: വയനാടിന് കൈത്താങ്ങായി സംസ്ഥാനത്തെ കുടുംബശ്രീ അംഗങ്ങളും ജീവനക്കാരും ആദ്യഘട്ടമായി സമാഹരിച്ച ഇരുപത് കോടി 7,05,682 മുഖ്യമന്ത്രിക്ക് കൈമാറി. ഞങ്ങളുമുണ്ട്  കൂടെ എന്ന പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണം കുടുംബശ്രീ തുടരുകയാണ്. മനുഷ്യസ്നേഹത്തിന്റെ മഹത്തായ ചരിത്രമെഴുതി ഈ ക്യാമ്പയിനിൽ പങ്കാളികളായ മുഴുവൻ അയൽക്കൂട്ട, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെയും ജീവനക്കാരേയും മന്ത്രി എംബി രാജേഷ് അഭിനന്ദിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, സ്ഥാനമൊഴിയുന്ന കുടുംബശ്രീ എക്സി. ഡയറക്ടർ ജാഫർ മാലിക്, എക്സി. ഡയറക്ടർ എ ഗീത തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

അതേസമയം, വയനാട്ടില്‍ മുണ്ടക്കൈ ചൂരല്‍മല സമഗ്ര പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 20 കോടി ധനസഹായം നല്‍കിയതില്‍ മാത്രമൊതുങ്ങുന്നില്ല കുടുംബശ്രീയുടെ കരുതല്‍. അതിജീവിതര്‍ക്ക് തണലൊരുക്കാനുളള അനേകം മാതൃകാ പ്രവര്‍ത്തനങ്ങളാണ് സ്ത്രീശാക്തീകരണത്തിന്‍റെ മാതൃകാ സ്ഥാപനം ദുരന്തഭൂമിയില്‍ നടപ്പാക്കുന്നത്. 

പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശ പ്രകാരം മൂന്നു വാര്‍ഡുകളിലെ മുഴുവന്‍ കുടുംബങ്ങളുടെയും കുടുംബ സര്‍വേ പൂര്‍ത്തിയാക്കിയത് കുടുംബശ്രീയാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കുടുംബങ്ങള്‍ക്കാവശ്യമായ മൈക്രോ പ്ളാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.

ദുരന്തത്തില്‍ മരിച്ച ഒമ്പത് അയല്‍ക്കൂട്ട അംഗങ്ങളുടെ അവകാശികളായ കുടുംബാംഗങ്ങള്‍ക്ക് കുടുംബശ്രീ ജീവന്‍ ദീപം ഇന്‍ഷുറന്‍സ് പ്രകാരം  ആകെ 7,22,500 രൂപ ലഭ്യമാക്കി. വീടും ജീവനോപധികളും നഷ്ടമായവര്‍ക്ക് ഇത് ഏറെ സഹായകമാകും. മരണമടഞ്ഞവരുടെ ബാങ്ക് വായ്പ എഴുതി തള്ളുന്നതിനായി സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റിയില്‍ ശുപാര്‍ശ ചെയ്തതടക്കമുളള കാര്യങ്ങളും നിര്‍വഹിച്ചു കഴിഞ്ഞു.  

ദുരന്തബാധിത മേഖലയിലെ തൊഴില്‍ അന്വേഷകര്‍ക്കായി ജില്ലാ ഭരണകൂടത്തിന്‍റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ തൊഴില്‍ മേള സംഘടിപ്പിച്ച് നിലവില്‍ 59 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയിട്ടുണ്ട്. 127 പേരുടെ അന്തിമ പട്ടികയും തയ്യാറാക്കി. ഇവര്‍ക്കും എത്രയും വേഗം അര്‍ഹമായ തൊഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. കൂടാതെ കമ്യൂണിറ്റി മെന്‍ററിങ്ങ് സംവിധാനവും ആരംഭിച്ചു.  ഇതിന്‍റെ ഭാഗമായി 50 കുടുംബങ്ങള്‍ക്ക് ഒരു മെന്‍റര്‍ എന്ന നിലയില്‍ 20 കമ്യൂണിറ്റി മെന്‍റര്‍മാരുടെ സേവനവും ഉറപ്പു വരുത്തിയിട്ടുണ്ട്.

ദുരന്തം സംഭവിച്ചതിന്‍റെ തൊട്ടടുത്ത ദിവസം തന്നെ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരംഭിച്ച ഹെല്‍പ് ഡെസ്കിന് നേതൃത്വം നല്‍കിയത് കുടുംബശ്രീ അംഗങ്ങളാണ്.  കൂടാതെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണ വിതരണം, ഹരിതകര്‍മസേന കുടുംബശ്രീ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്യാമ്പുകളുടെ ശുചീകരണം, കമ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കൗണ്‍സലിങ്ങ് എന്നീ പ്രവര്‍ത്തനങ്ങളും കുടുംബശ്രീ ഏറ്റെടുത്തു നടപ്പാക്കിയിരുന്നു.

വയനാട് ദുരിതബാധിതർക്ക് ‍ടൗൺഷിപ്പിൽ 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമിച്ചു നൽകും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios