Asianet News MalayalamAsianet News Malayalam

ദുരിതമൊഴിയാതെ വയനാട്: ഉരുൾപൊട്ടല്‍ ഇപ്പോഴും ഭീഷണി, വീടുപണിക്ക് പണവും തികയുന്നില്ല​

 കെയർ ഹോം പദ്ധതി പ്രകാരം വയനാട് ജില്ലയിൽ 84 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണെന്നും ഇതിൽ 74 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൊടുക്കാൻ ഒരുങ്ങുകയാണെന്നുമാണ് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചത്. 

2018 Kerala floods special story on  flood rebuilding in Wayanad
Author
Wayanad, First Published Jun 23, 2019, 12:42 PM IST

വൈത്തിരി: ഒരു വർഷം മുമ്പുണ്ടായ മഹാപ്രളയത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദുരിതം പെയ്തിറങ്ങിയ ജില്ലയാണ് വയനാട്. ഏറ്റവും കൂടുതൽ ഉരുൾപൊട്ടലുകൾ ഉണ്ടായ വയനാട്ടിൽ നിരവധി വീടുകളാണ് നശിച്ചത്. നിലവിൽ കെയർ ഹോം പദ്ധതി പ്രകാരം വയനാട് ജില്ലയിൽ 84 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണെന്നും ഇതിൽ 74 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൊടുക്കാൻ ഒരുങ്ങുകയാണെന്നുമാണ് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രഖ്യാപിച്ചത്.

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിലെ മൈലാടിപാറയിലുള്ള പ്രളയബാധിത പ്രദേശത്തെ ഇപ്പോഴത്തെ സ്ഥിതി എന്ത്? ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി വൈശാഖ് ആര്യൻ തയ്യാറാക്കിയ റിപ്പോർട്ട്.

വൈത്തിരിയിലെ പലയിടങ്ങളിലെയും സ്ഥിതി ദയനീയമാണ്. പതിനായിരം രൂപയുടെ പ്രാഥമിക സഹായം ഭൂരിഭാ​ഗം മേഖലകളിലെ ദുരിതബാധിതർക്കും ലഭിച്ചിട്ടുണ്ട്. പക്ഷേ നാശനഷ്ടങ്ങളുടെ കണക്കെടുക്കുമ്പോൾ വീട് പുനർനിർമ്മാണത്തിന് ഇതുവരെ കിട്ടിയ സഹായമൊന്നും പോരാ എന്ന പരാതി നിരവധി പേർക്കുണ്ട്. മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾ കുടിലോ ഷെഡ്ഡൊ കെട്ടിയാണ് താമസിക്കുന്നത്. സർക്കാരിൽനിന്ന് കിട്ടിയ നാല് ലക്ഷം രൂപ കൊണ്ട്  വീട് വയ്ക്കാൻ സാധിക്കില്ലെന്ന് വൈത്തിരി സ്വദേശിയായ രാമാത്ത പറയുന്നത്.

2018 Kerala floods special story on  flood rebuilding in Wayanad

വൈത്തിരി താലൂക്കിൽ വീടുകൾ പൂർണ്ണമായും തകർന്ന  പലരും കുടിലുകൾ കെട്ടാൻ പോലും കഴിയാതെ പലയിടങ്ങളിലായി വാടകയ്ക്കോ ബന്ധുക്കളുടെ വീട്ടിലോ താമസിച്ച് വരുകയാണ്. പ്രളയത്തിൽ നശിച്ച വീടുകൾക്ക് പകരം ചിലർക്ക് മറ്റ് സ്ഥലങ്ങളിൽ ഭൂമി അനുവദിച്ച് നൽകിയിട്ടുണ്ട്. ചിലർക്ക് സ്വന്തം സ്ഥലത്ത് തന്നെ വീട് നിർമ്മാണത്തിനുള്ള പ്രാഥമിക ഘട്ട സഹായമായ ഒരു ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. എന്നാൽ അത് വീടിന്റെ തറയിടാൻ പോലും പര്യാപ്തമല്ലെന്നാണ് പലരും പറയുന്നത്.

പ്രളയം രൂക്ഷമായി ബാധിച്ച വയനാട്ടിലെ അമ്മാറ എന്ന പ്രദേശത്ത് ഉരുൾപൊട്ടലിൽ ഒരു രാത്രി കൊണ്ട് വീടുകൾ പൂർണ്ണമായും തകർന്നു. എന്നാൽ ഭാ​ഗികമായി തകർന്ന വീടുകൾ പുനർനിർമ്മിക്കുന്നതിന് പകരം അവിടെനിന്ന് മാറി താമസിക്കണമെന്നാണ് ജില്ലാഭരണകൂടം ​ദുരിതബാധിതരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇനിയുമൊരു ഉരുൾപൊട്ടൽ ഉണ്ടായാൽ വീണ്ടും വലിയ നാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കിയത്.  

2018 Kerala floods special story on  flood rebuilding in Wayanad

ഉരുൾപൊട്ടലിലും പ്രളയത്തിലുമായി ഏഴ് വീടുകളാണ് അമ്മാറയിൽ തകർന്നത്. ‌ഈ വീടുകളിലെ കുടുംബങ്ങൾക്ക് മറ്റ് സ്ഥലങ്ങളിൽ മാറി വീട് വച്ച് താമസിക്കുന്നതിനുള്ള ഭൂമി കണ്ടെത്തി കൊടുത്തിട്ടുണ്ട്. ഇതിൽ നാല് പേരുടെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. മൂന്ന് പേർക്ക് ഇനിയും സഹായമെത്താനുണ്ട്. ഇതിൽ ഒരാൾക്ക് വീടും സ്ഥലവും കിട്ടിയിട്ടുമില്ല. അതുപോലെ, മയിലാടിപാറ എന്ന പ്രദേശത്ത് നാല് വീടുകളാണ് പൂർണ്ണമായും തകർന്നത്. ഇതിൽ രണ്ട് വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. എന്നാൽ മറ്റ് രണ്ട് കുടുംബങ്ങൾക്കും വീടുപണിക്കുള്ള പ്രാഥമിക ധനസഹായം പോലും ലഭിച്ചിട്ടില്ല.

ഉരുൾപൊട്ടലടക്കം കനത്ത നാശം വിതച്ച ജില്ലയിൽ പ്രളയം സംഭവിച്ച അന്ന് രാത്രി വീട് വീട്ടിറങ്ങിയവരാണ് ഭൂരിഭാ​ഗം പേരും. പലർക്കും ഇപ്പോഴും പഴയ രീതിയിൽ തിരിച്ച് കര കയറാൻ കഴിഞ്ഞിട്ടില്ല. സർക്കാരിൽ നിന്ന് ഇപ്പോൾ ലഭിച്ച സഹായധനങ്ങളൊന്നും തന്നെ പഴയ ജീവിതം തിരിച്ച് പിടിക്കാൻ പര്യാപ്തമല്ല എന്ന പരാതിയാണ് വയനാട്ടിൽ ഉടനീളം കേൾക്കുന്നത്. അതുകൊണ്ട് തന്നെ തിരിച്ച് പഴയ ജീവിതത്തിലേക്ക് എത്തുന്നതിനായുള്ളൊരു കൈതാങ്ങാണ് വയനാട്ടിലെ ജനങ്ങൾക്ക് ആവശ്യം.

2018 Kerala floods special story on  flood rebuilding in Wayanad

2018 -ല്‍ ഉണ്ടായ അതിശക്തമായ മഴയിൽ വയനാട് ജില്ല പൂർണമായും ഒറ്റപ്പെട്ടു. ഇടമുറിയാതെ പെയ്ത മഴ പതിനായിരക്കണക്കിന് കുടുംബങ്ങളെ ദുരിതത്തിലാക്കി. കോട്ടത്തറ പഞ്ചായത്തിലെ ഭൂരിഭാ​ഗം വാർഡുകളും വെള്ളത്താൽ ചുറ്റപ്പെട്ടു. വലിയകുന്ന്, കുളക്കിമട്ടംകുന്ന്, ചേലാകുനിക്കുന്ന്, മാങ്കോട്ട്കുന്ന്, പുതിയേടത്ത്കുന്ന്, കല്ലട്ടി, പുതുശ്ശേരിക്കുന്ന്, കുറുമണി, പൊയിൽ, കള്ളംപടി, ഈരംകൊല്ലി, പാലപ്പൊയിൽ, കരിഞ്ഞകുന്ന്, പടവെട്ടി, ചെമ്പന്നൂർ എന്നീ ജനവാസകേന്ദ്രങ്ങൾ ഏറെക്കുറെ ഒറ്റപ്പെട്ടു. മയിലാടിപാറ-വെണ്ണിയോട് റോഡ്, വെണ്ണിയോട്-കോട്ടത്തറ റോഡ്, വെണ്ണിയോട്-മെച്ചന റോഡ് എന്നീ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 3768 കുടുംബങ്ങളിൽ നിന്നായി 13,916 പേരാണ് ജില്ലയിലെ 126 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിയത്.

Follow Us:
Download App:
  • android
  • ios