മഞ്ചേശ്വരം മണ്ഡലത്തില്‍ അപരന്മാർ നിർണായക ശക്തിയാകും. യുഡിഎഫ് സ്ഥാനാർഥി എ.കെ.എം. അഷ്‌റഫിന് എസ്ഡിപിഐ സ്ഥാനാർഥി ഉൾപ്പെടെ മൂന്ന് അപരന്മാരുള്ളത് വോട്ട് വിഭജനത്തിന് കാരണമായേക്കാം. ഈ സാഹചര്യം ബിജെപിയുടെ കെ. സുരേന്ദ്രന് അനുകൂലമാകുമോ?

മഞ്ചേശ്വരം: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന മഞ്ചേശ്വരത്ത് അപരന്‍മാര്‍ നിര്‍ണായകമാകും. സിറ്റിംഗ് എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എ.കെ.എം അഷ്‌റഫാണ് അപര ശല്യത്തില്‍ ഏറ്റവും ഭീഷണി നേരിടുന്നത്. മുസ്ലീം ലീഗ് നേതാവായ എ.കെ.എം. അഷ്‌റഫിനെതിരെ എസ്‌ഡിപിഐ കളത്തിലിറക്കിയിരിക്കുന്നത് കെ.എം. അഷ്‌റഫ് എന്ന സ്ഥാനാര്‍ഥിയെയാണ്. പേരിലെ സാമ്യത വോട്ടര്‍മാരെ കുഴക്കാനിടയുണ്ട്. ഇതുകൂടാതെ എ.കെ.എം. അഷ്‌റഫ് മറ്റ് രണ്ട് അപരന്‍മാരുടെ ശല്യം കൂടി നേരിടേണ്ടിവരും. ധർമ്മത്തടുക്ക സ്വദേശി മുഹമ്മദ് അഷ്റഫ് (സ്വതന്ത്രൻ), കീഴൂർ സ്വദേശി മുഹമ്മദ് അഷ്റഫ് കെ.എ. (സ്വതന്ത്രൻ) എന്നിവരാണിത്.

Add Asianetnews as a Preferred SourcegooglePreferred

മഞ്ചേശ്വരത്ത് നാല് അഷ്‌റഫുമാര്‍

കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ (2016, 2021) ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് തലനാരിഴയ്‌ക്ക് നഷ്‌ടമായ മണ്ഡലമാണ് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം. 2019-ലെ ഉപതെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ മത്സരിച്ചിരുന്നില്ല. 2021-ല്‍ 855 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു മുസ്ലീം ലീഗ് നേതാവ് എ.കെ.എം. അഷ്‌റഫിന്‍റെ വിജയം. എ.കെ.എം. അഷ്‌റഫ് 65,858 ഉം കെ. സുരേന്ദ്രന്‍ 65,013 ഉം സിപിഎം സ്ഥാനാര്‍ഥി വി.വി. രമേശന്‍ 40,639 ഉം വോട്ടുകള്‍ നേടി. ഇത്തവണയും എ.കെ.എം. അഷ്‌റഫും കെ. സുരേന്ദ്രനും നേര്‍ക്കുനേര്‍ വരുമ്പോള്‍ മഞ്ചേശ്വരം മത്സരം പൊടിപാറും എന്ന് ഉറപ്പായിരിക്കേയാണ് മണ്ഡലത്തില്‍ പേരില്‍ സാമ്യമുള്ള എസ്‌ഡിപിഐ സ്ഥാനാര്‍ഥി പ്രത്യക്ഷപ്പെട്ടതും അപരശല്യം കടുക്കുന്നതും.

എസ്‌ഡിപിഐ ജില്ലാ കൗണ്‍സില്‍ അംഗമായ കെ.എം. അഷ്‌റഫ് മഞ്ചേശ്വരത്ത് മത്സരിക്കുന്നത് യുഡിഎഫിന് വലിയ തലവേദന സൃഷ്‌ടിച്ചിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ.എം. അഷ്‌റഫുമായി എസ്‌ഡിപിഐ സ്ഥാനാര്‍ഥിക്ക് പേരിലുള്ള സാമ്യതയാണ് ഇതിന് കാരണം. പൊതുരംഗത്ത് ഇതുവരെ അഷ്‌റഫ് ബഡാജെ എന്നാണ് ഇദ്ദേഹം മുമ്പ് അറിയപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രചാരണം നടത്തുന്നത് കെ.എം. അഷ്‌റഫ് എന്ന പേരിലാണെന്നത് ആസൂത്രിതമാണെന്ന് ലീഗ് പറയുന്നു. പതിനായിരത്തോളം വോട്ടുകള്‍ മഞ്ചേശ്വരം മണ്ഡലത്തിലുണ്ടെന്ന് എഡ്‌സിപിഐ വാദിക്കുന്നുണ്ടെങ്കിലും കെ.എം. അഷ്‌റഫ് ആയിരം വോട്ടുകള്‍ പിടിച്ചാല്‍ പോലും മഞ്ചേശ്വരത്തെ ഫലത്തെ അത് സ്വാധീനിക്കും. 2021- നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണച്ചിരുന്ന സ്ഥാനത്താണ് ഇത്തവണ എസ്‌ഡിപിഐ ഒറ്റയ്‌ക്ക് മത്സരിക്കുന്നത്. ഇതും വോട്ടര്‍മാരില്‍ വിള്ളല്‍ സൃഷ്‌ടിക്കും. 

അപരന്‍മാര്‍ പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകം

സംസ്ഥാനത്ത് ബിജെപി ഏറ്റവും പ്രതീക്ഷ അര്‍പ്പിക്കുന്ന നിയോജക മണ്ഡലങ്ങളില്‍ മുന്നിലാണ് മഞ്ചേശ്വരം. ബിജെപി വിരുദ്ധ വോട്ടുകള്‍ യുഡിഎഫിനും എല്‍ഡിഎഫിനും എസ്‌ഡിപിഐയ്ക്കുമായി വിഭജിക്കപ്പെട്ടാല്‍ എന്‍ഡിഎ മഞ്ചേശ്വരത്ത് അക്കൗണ്ട് തുറന്നേക്കാം എന്നാണ് കണക്കുകൂട്ടല്‍. എന്‍ഡിഎയുടെ ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രനും മഞ്ചേശ്വരത്ത് ഒരു അപരനുണ്ട്. ഇത് സുരേന്ദ്രന് തിരിച്ചടിയാവുമോ എന്ന ഭയം എന്‍ഡിഎയ്‌ക്കുമുണ്ട്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കപ്പെടുമ്പോള്‍ ഭൂരിപക്ഷ വോട്ടുകള്‍ ഏകീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഭൂരിപക്ഷ, ന്യൂനപക്ഷ വോട്ടുകള്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ കൃത്യമായി വീഴുമെന്ന് മുന്നണികള്‍ കണക്കുകൂട്ടുന്നു.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ആര്‍. ജയാനന്ദയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ആദ്യം ഷാനവാസ് പാദൂരിനെ പരിഗണിച്ചിരുന്നെങ്കിലും, ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണം ഭയന്ന് ജയാനന്ദയെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. ജയാനന്ദ പിടിക്കുന്ന വോട്ടുകളും മഞ്ചേശ്വരത്ത് നിര്‍ണായകമാകും. എന്തായാലും, മഞ്ചേശ്വരത്ത് ഇക്കുറിയും അപരന്‍മാരുടെ കളി നിര്‍ണായകമാകും. ഇത്തവണത്തെ പോലെയില്ലെങ്കിലും മഞ്ചേശ്വരത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും അപരന്‍മാര്‍ സജീവമായിരുന്നു. 2016-ല്‍ സുന്ദര കെ പിടിച്ച 467 വോട്ടുകളാണ് കെ സുരേന്ദ്രനെ 89 വോട്ടുകളുടെ തോല്‍വിയിലേക്ക് പ്രധാനമായും തള്ളിവിട്ടത്. അന്ന് മുസ്ലീം ലീഗിന്‍റെ പി.ബി. അബ്‌ദുള്‍ റസാഖായിരുന്നു വിജയി.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming