Asianet News MalayalamAsianet News Malayalam

'കൂടുതല്‍ കൊവിഡ് കേസുകള്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവരില്‍'; കേരളത്തിന് ഞെട്ടലിന്‍റെ ദിവസം

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ നിന്ന് എത്തുവര്‍ക്ക് കേരളം ഏറെ പ്രാധാന്യം നല്‍കിയിരുന്നു. മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്നെത്തിയ ചാവക്കാട് സ്വദേശിനിയാണ് ഇന്നലെ മരണപ്പെട്ടതും

21 covid 19 cases reported those who came from maharashtra
Author
Thiruvananthapuram, First Published May 22, 2020, 5:23 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ കൂടുതല്‍ പേര്‍ മഹാരാഷ്ട്രയില്‍ നിന്നെത്തിയവര്‍. ആകെ ഇന്ന് സ്ഥിരീകരിച്ച 42 കൊവിഡ് കേസുകളില്‍ 21ഉം മഹാരാഷ്ട്രയില്‍ നിന്ന് കേരളത്തിലെത്തിയവരാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.

ഇവിടെ നിന്ന് എത്തുവര്‍ക്ക് കേരളം ഏറെ പ്രാധാന്യം നല്‍കിയിരുന്നു. മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്നെത്തിയ ചാവക്കാട് സ്വദേശിനിയാണ് ഇന്നലെ മരണപ്പെട്ടതും. കണ്ണൂർ 12, കാസർകോട് ഏഴ്, കോഴിക്കോട്, പാലക്കാട്, അഞ്ച് വീതം, തൃശ്ശൂർ മലപ്പുറം നാല് വിതം, കോട്ടയം രണ്ട്, കൊല്ലം പത്തനംതിട്ട ഒന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍.

തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നെത്തിയവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ 17 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം. കോഴിക്കോട് ആരോഗ്യപ്രവർത്തകയ്ക്ക് രോഗം പിടിപെട്ടിട്ടുണ്ട്.  732 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 216 പേർ ഇപ്പോൾ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ളത് 84258 പേർ. 83649 പേർ വീടുകളിലോ സർക്കാർ കേന്ദ്രങ്ങളിലോ ആണ്. 609 പേർ ആശുപത്രികളിലാണ്.

ഇന്ന് മാത്രം 162 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 51310 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 49535 എണ്ണം നെഗറ്റീവാണെന്ന് ഉറപ്പാക്കി. ഇതുവരെ മുൻഗണനാ വിഭാഗത്തിൽ പെട്ട 7072 സാമ്പിളുകളിൽ 6630 എണ്ണം നെഗറ്റീവായി. കണ്ണൂർ, മലപ്പുറം ജില്ലകളിൽ 36 പേർ വീതം ചികിത്സയിലുണ്ട്. പാലക്കാട് 26, കാസർകോട് 21, കോഴിക്കോട് 19, തൃശ്ശറൂർ 16 എന്നിങ്ങനെ രോഗികൾ ചികിത്സയിലുണ്ട്. ഇതുവരെ 91344 പേരാണ് കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ അതിർത്തിക്ക് പുറത്ത് നിന്നെത്തിയത്. 2961 പേർ ഗർഭിണികളും 1618 വയോജനങ്ങളും 805 കുട്ടികളുമുണ്ട്.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് 82299 പേരെത്തി. 43 വിമാനത്തിൽ 9367 പ്രവാസികളും തിരിച്ചെത്തി. ഇവരിൽ 157 പേർ ആശുപത്രികളിൽ ക്വാറന്റീനിലാണ്. മലപ്പുറം ജില്ലയില്‍ നാല് പേര്‍ക്കാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്നെത്തിയ നന്നമ്പ്ര തെയ്യാലിങ്ങല്‍ വെള്ളിയമ്പ്രം സ്വദേശി നാല്‍പ്പത്തിയഞ്ചുകാരന്‍, മുന്നിയൂര്‍ പാറേക്കാവ് വാരിയന്‍ പറമ്പ് സ്വദേശി നാല്‍പ്പതുകാരന്‍ എന്നിവര്‍ക്കും മഹാരാഷ്ട്രയിലെ റായ്ഗഡില്‍  നിന്നെത്തിയ ആതവനാട് കരിപ്പോള്‍ സ്വദേശി ഇരുപത്തിയൊന്നുകാരന്‍, ആന്ധ്രപ്രദേശിലെ കര്‍ണ്ണൂളില്‍ നിന്നെത്തിയ വള്ളിക്കുന്ന് ആലിന്‍ചുവട് കൊടക്കാട് സ്വദേശി മുപ്പത്തിയഞ്ചുകാരന്‍ എന്നിവര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം എന്‍.എം. മെഹറലി അറിയിച്ചു.

ഇവര്‍ നാല് പേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. നന്നമ്പ്ര തെയ്യാലിങ്ങല്‍ വെള്ളിയമ്പലം സ്വദേശിയും മുന്നിയൂര്‍ പാറേക്കാവ് വാരിയന്‍പറമ്പ് സ്വദേശിയും മുംബൈയില്‍ നിന്ന് സര്‍ക്കാര്‍ അനുമതിയോടെ രണ്ട് സ്വകാര്യ ബസുകളിലായി യാത്ര തിരിച്ച് മെയ് 14 ന് സ്വന്തം വീടുകളിലെത്തി ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പ്രത്യേക നിരീക്ഷണത്തിലാക്കിയിരുന്നു.

തുടര്‍ന്ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെയ് 19 ന് ഇരുവരേയും 108 ആംബുലന്‍സുകളില്‍ കൊണ്ടുവന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ജോലി ചെയ്യുന്ന ആതവനാട് കരിപ്പോള്‍ സ്വദേശി സര്‍ക്കാര്‍ അനുമതിയോടെ ടാക്‌സി കാറില്‍ മെയ് 15ന് നാട്ടിലേക്ക് പുറപ്പെട്ട് മെയ് 17 മുതല്‍ വെട്ടിച്ചിറയിലെ കൊവിഡ് കെയര്‍ സെന്ററില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം പ്രത്യേക നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതോടെ മെയ് 21 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

Follow Us:
Download App:
  • android
  • ios