കായിക യുവജനകാര്യ വകുപ്പിൽ നിന്ന് മെയ് മാസം 8 നാണ് തുക അനുവദിച്ചത്.
തിരുവനന്തപുരം;നാലാം വാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ യുവജനങ്ങളുമായി സംവദിക്കുന്ന പരിപാടിയായ മുഖാമുഖത്തിനായി 21 ലക്ഷം അനുവദിച്ചു. കായിക യുവജനകാര്യ വകുപ്പിൽ നിന്ന് മെയ് മാസം 8 നാണ് തുക അനുവദിച്ചത്. മുഖാമുഖം പരിപാടിയുടെ വിവിധ ചെലവുകൾക്കായിട്ടാണ് തുക അനുവധിച്ചിരിക്കുന്നത്. പരിപാടിക്ക് പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിനുള്ള യാത്ര ചെലവിനും, യാത്ര മദ്ധേ ഭക്ഷണം, കുടിവെള്ളം എന്നിവ കൊടുക്കുന്നതിനും വേണ്ടിയാണ് 13 ലക്ഷം രൂപ അനുവദിച്ചത്.
രജിസ്ട്രേഷൻ ചെലവിന് മാത്രമായി 3.50 ലക്ഷം രൂപയും, ബാഗ്, പേന, പാഡ്, ടാഗ്, ഐ.ഡി കാർഡ്, ബാഡ്ജ് എന്നിവയ്ക്കായി 3.50 ലക്ഷവും, വീഡിയോ വാൾ , ലൈവ് പ്രസൻ്റേഷൻ, സ്റ്റിൽ ആൻഡ് വീഡിയോ ഡോക്യുമെൻ്റേഷൻ എന്നിവയ്ക്ക് 4 ലക്ഷവും മറ്റുള്ള ചെലവുകൾക്കായി 50000 രൂപയുമാണ് അനുവധിച്ചത്.
അതിർത്തിയിലെ സംഭവ വികാസങ്ങൾ മൂലം സംസ്ഥാന ഗവൺമെന്‍റിന്‍റെ നാലാം വാർഷിക പരിപാടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചിരുന്നു. വെടി നിർത്തൽ നിലവിൽ വന്നതിന്‍റെ പശ്ചാത്തലത്തിൽ വാർഷിക പരിപാടികൾ മെയ് 13 മുതൽ നേരത്തെ നിശ്ചയിച്ച പ്രകാരം തുടർന്ന് നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ജില്ലാതല -സംസ്ഥാനതല യോഗങ്ങളും എന്‍റെ കേരളം പ്രദർശനവും മേഖല അവലോകന യോഗങ്ങളും മെയ് 13 മുതൽ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. മാറ്റിവെച്ച മലപ്പുറം ജില്ലാതല യോഗം ഉൾപ്പെടെ 13 വരെ നിശ്ചയിച്ചിരുന്ന മറ്റ് യോഗങ്ങളുടെ തീയ്യതി പിന്നീട് അറിയിക്കും


