പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊവിഡ് രോഗബാധയെ തുടർന്ന് കഴിഞ്ഞ നാല്‍പത്തിയെട്ട് ദിവസമായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന 62 വയസ്സുള്ള സ്ത്രീ രോ​ഗം ഭേദമായി ആശുപത്രി വിട്ടു. 22 സ്രവ പരിശോധനകളില്‍ 19 എണ്ണവും പോസ്റ്റീവ് ആയതിന് ശേഷം അവസാനത്തെ രണ്ട് ഫലങ്ങള്‍ നെഗറ്റീവ് അയതിനെ തുടർന്നാണ് ഇവർ ആശുപത്രി വിട്ടത്. സ്രവ പരിശോധനാഫലം നെഗറ്റീവ് ആയ മൂന്ന് പേരാണ് ഇന്ന് വീടുകളിലേക്ക് മടങ്ങിയത്.

പത്തനംതിട്ട ജില്ലയില്‍ ആദ്യം കൊവിഡ് രോഗബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നും എത്തിയവരുമായുള്ള സമ്പർഗത്തെ തുടർന്നാണ്  വടശ്ശേരിക്കര സ്വദേശിയായ സ്ത്രീക്ക് രോഗബാധ ഉണ്ടായത്. ചികിത്സക്ക് ഇടയില്‍ നടത്തിയ 22 സ്രവ പരിശോധനയില്‍ 19 എണ്ണവും നെഗറ്റീവ് ആയിരുന്നു. തുടർന്ന് ചികിത്സ രീതി മാറ്റുന്നതിനെ കുറിച്ചുള്ള ചർച്ചക്കിടയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ രണ്ട് പരിശോധനാഫലങ്ങള്‍ നെഗറ്റിവ് ആയത് കണ്ടെത്തിയത്. 

ഇതേ തുടർന്നാണ് 62 കാരി ആശുപത്രി വിട്ടത്. പരിപൂർണമായ ഒരു ടീം വർക്കാണ് ചികിത്സക്ക് പിന്നില്‍ ഉണ്ടായിരുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഡോക്ടർമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് വടശ്ശേരിക്കര സ്വദേശിയായ സ്ത്രീയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നും യാത്രയാക്കിയത്. നിലവില്‍ ആറേ പേരാണ് ചികിത്സയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ 62കാരി ഉള്‍പ്പടെമൂന്ന് പേർ ഇന്ന് വീടുകളിലേക്ക് മടങ്ങി.