Asianet News MalayalamAsianet News Malayalam

Toll|ചെലവിനേക്കാൾ 236 കോടി രൂപ അധികം പിരിഞ്ഞു കിട്ടി; ജനങ്ങളെ പിഴിഞ്ഞ് പാലിയേക്കര ടോൾ

ദിനം പ്രതി പാലിയേക്കര ടോള്‍ പ്ലാസയിലൂടെ കടന്നു പോകുന്നത് 45,000 വാഹനങ്ങളാണ്. അതായത്  ഓരോ ദിവസവും ഇവിടെ നിന്ന് പിരിക്കുന്നത് ശരാശരി 30 ലക്ഷം രൂപയാണ്. 2012 ഫെബ്രുവരി ഒമ്പത് മുതലാണ് പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് തുടങ്ങിയത്. ഇതിനകം പിരിച്ചെടുത്തത് 958.68 കോടി രൂപയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്

236 crore more than the expenditure get back from paliyekkara toll plaza
Author
Thrissur, First Published Nov 22, 2021, 6:00 PM IST

തൃശൂർ: തൃശൂര്‍ പാലിയേക്കര ടോള്‍ (paliyekkara toll) പ്ലാസയില്‍ പാത നിര്‍മ്മാണത്തിന് ചെലവായതിനേക്കള്‍ 236 കോടി രൂപ കരാര്‍ കമ്പനി  ഇതിനകം  പിരിച്ചെടുത്തതായി കണക്കുകള്‍. ടോള്‍ പിരിവിന്റെ കാലാവധി തീരാൻ ഇനിയും ഏഴ് വര്‍ഷം ബാക്കി നില്‍ക്കെ ചെലവായതിന്റെ 10 മടങ്ങ് തുക കമ്പനിക്ക് നേടാനാകുമെന്ന് വിവരാവകാശ നിയമപ്രകാരമുളള രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ദിനം പ്രതി പാലിയേക്കര ടോള്‍ പ്ലാസയിലൂടെ കടന്നു പോകുന്നത് 45,000 വാഹനങ്ങളാണ്. അതായത്  ഓരോ ദിവസവും ഇവിടെ നിന്ന് പിരിക്കുന്നത് ശരാശരി 30 ലക്ഷം രൂപയാണ്.

2012 ഫെബ്രുവരി ഒമ്പത് മുതലാണ് പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് തുടങ്ങിയത്. ഇതിനകം പിരിച്ചെടുത്തത് 958.68 കോടി രൂപയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ദേശീയ പാത അതോറിറ്റിയും ടോള്‍ പ്ലാസ നടത്തിപ്പുകാരായ ഗുരുവായൂര്‍ ഇൻഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിലുളള കരാര്‍ പ്രകാരം 2028 ജൂലൈ 21 വരെ ടോള്‍ പിരിക്കാനാകും.

എന്നാൽ, മണ്ണുത്തി - ഇടപ്പള്ളി  നാലുവരി പാതയുടെ നിര്‍മ്മാണത്തിന് കമ്പനിക്ക് ആകെ ചെലവായത് 721.17 കോടി രൂപയാണ്. അതായത് ഇതിനകം തന്നെ 236 കോടി  രൂപ അധികം ലഭിച്ചതായി കണക്കുകൾ പറയുന്നു. ടോള്‍ കമ്പനിക്ക് മുടക്കുമുതലിനേക്കാള്‍ തുക തിരിച്ചുകിട്ടിയ സാഹചര്യത്തിൽ കരാർ കാലാവധി തികയും മുമ്പു തന്നെ ദേശീയപാത അതോറിറ്റി പാത ഏറ്റെടുക്കണമെന്നാണ് പൊതുപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും  ആവശ്യം. അതേസമയം, തൃശൂർ പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ്.

അഞ്ച് രൂപ മുതൽ 50 രൂപ വരെയായിരുന്നു വർധന. കാര്‍, ജീപ്പ്, വാന്‍ വിഭാഗങ്ങള്‍ക്ക് ഒരു വശത്തേക്ക് 75 രൂപയുണ്ടായിരുന്നത് 80 രൂപയാക്കി. ഒന്നിലധികം യാത്രകൾക്ക് 110 രൂപയുണ്ടായിരുന്നത് 120 രൂപയാക്കിയും വർധിപ്പിച്ചു. ചെറുകിട ഭാരവാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്കുണ്ടായിരുന്ന 130 രൂപ എന്നത് 140 ആക്കി വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ബസ്, ട്രക്ക് എന്നിവയുടെ ഒരു ദിശയിലേക്കുള്ള നിരക്ക് 255 രൂപയായിരുന്നത് 275 രൂപയായി ഉയർത്തി. മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്ക് 410 രൂപയുണ്ടായിരുന്നത് 445 രൂപയായും അന്ന് വർധിപ്പിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios