24 മണിക്കൂർ ആശുപത്രി വാസം ഇല്ലായിരുന്നുവെന്നും അതിനാൽ ഒപി ചികിത്സയായി പരിഗണിക്കുമെന്നും കാട്ടി ഇൻഷുറൻസ് കമ്പനി അമ്മയുടെ കണ്ണ് ശസ്ത്രക്രിയക്ക് ചെലവായ തുകക്കുള്ള ക്ലെയിം തള്ളിക്കളഞ്ഞപ്പോഴാണ് ജോണി മിൽട്ടൻ നിയമത്തിന്റെ വഴി തേടിയത്
കൊച്ചി: ഉയർന്ന ആശുപത്രി ബില്ല് നോക്കി നെടുവീർപ്പിട്ട നിരവധി പേർക്കാണ് ജോണി മിൽട്ടൻ ആശ്വാസദൂതനായത്. മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷക്ക് 24 മണിക്കൂർ ആശുപത്രിവാസം നിർബന്ധമല്ലെന്ന നിർണായക ഉത്തരവ് നേടിയെടുത്തത് ജോണി മിൽട്ടനാണ്.
24 മണിക്കൂർ ആശുപത്രി വാസം ഇല്ലായിരുന്നുവെന്നും അതിനാൽ ഒപി ചികിത്സയായി പരിഗണിക്കുമെന്നും കാട്ടി ഇൻഷുറൻസ് കമ്പനി അമ്മയുടെ കണ്ണ് ശസ്ത്രക്രിയക്ക് ചെലവായ തുകക്കുള്ള ക്ലെയിം തള്ളിക്കളഞ്ഞപ്പോഴാണ് ജോണി മിൽട്ടൻ നിയമത്തിന്റെ വഴി തേടിയത്. താൻ ചെയ്തതിന്റെ പ്രാധാന്യവും ഗുണഫലത്തിന്റെ വ്യാപ്തിയും പിന്നെയാണ് മനസ്സിലായതെന്ന് പറയുന്നു ജോണി.
"നമുക്ക് ചികിത്സാ ചെലവ് താങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് നമ്മള്‍ ഇൻഷുറന്‍സിനെ ആശ്രയിക്കുന്നത്. നിരസിക്കപ്പെട്ടപ്പോള്‍ കാരണം അറിയാൻ മെയില്‍ ചെയ്തു. വീണ്ടും നെഗറ്റീവ് ആയിരുന്നു മറുപടി. ഇതോടെയാണ് കേസ് ഫയൽ ചെയ്യാന്‍ തീരുമാനിച്ചത്. കണ്‍സ്യൂമർ കോടതിയാകുമ്പോള്‍ കുറേക്കൂടി വേഗത്തില്‍ നടക്കുമെന്ന് അറിഞ്ഞു. പിന്നെയാണറിഞ്ഞത് ഇങ്ങനെ അധികമാരും ചെയ്തിട്ടില്ലെന്ന്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു വിധി വരുന്നതെന്നും അറിഞ്ഞു"- ജോണി മിൽട്ടൻ പറഞ്ഞു.
വൈദ്യശാസ്ത്രം അത്യാധുനികവത്കരിക്കപ്പെട്ട കാലത്ത്, റോബോട്ടിക് സർജറി വരെ വ്യാപകമായ കാലത്ത് കിടത്തി ചികിത്സയുണ്ടെങ്കിലേ ഇൻഷുറൻസ് നൽകൂ എന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു വിധി. ആശുപത്രിച്ചെലവുകൾ കൂടി വരുന്ന കാലത്ത് ഒരാശ്വാസത്തിനെടുക്കുന്ന മെഡിക്കൽ ഇൻഷുറൻസ് ഒരുപകാരത്തിന് പറ്റിയില്ലെങ്കിൽ പിന്നെന്തിനെന്ന് നെടുവീർപ്പിടുന്ന നിരവധി പേർക്കാണ് ആ തീർപ്പ് ആശ്വാസമായത്. രോഗിക്ക് ഉത്തരവാദിത്തം മാത്രമല്ല അവകാശവുമുണ്ടെന്ന് പറഞ്ഞുറപ്പിച്ച ജോണിക്ക് അതൊരു ഇരട്ടി മധുരമായി.

