Asianet News MalayalamAsianet News Malayalam

ഇന്നത്തെ കണക്കിൽ രണ്ട് ഡോസ് വാക്‌സീന്‍ എടുത്ത 2821 പേര്‍ക്ക് കൊവിഡ്, ഒരു ഡോസ് എടുത്ത 2543 പേര്‍ക്കും രോഗം

ഇന്ന് കൊവിഡ് സ്ഥീരീകരിച്ച 9470 പേരിൽ  2821 പേർ രണ്ട് ഡോസും 2543 പേർ ഒന്നാം ഡോസും വാക്സീനെടുത്തവർ. കൊവിഡ് അവലോകന റിപ്പോർട്ടിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. 

2821 people who took two doses of the vaccine became infected with covid and 2543 people who took one dose became ill
Author
Kerala, First Published Oct 9, 2021, 7:50 PM IST

തിരുവനന്തപുരം: ഇന്ന് കൊവിഡ് സ്ഥീരീകരിച്ച 9470 പേരിൽ  2821 പേർ രണ്ട് ഡോസും 2543 പേർ ഒന്നാം ഡോസും വാക്സീനെടുത്തവർ. കൊവിഡ് അവലോകന റിപ്പോർട്ടിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.  9470 പുതിയ രോഗികളില്‍ 7915 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 2543 പേര്‍ ഒരു ഡോസ് വാക്‌സിനും 2821 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 2551 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കൊവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു എന്നാണ് ഈ കണക്കുകൾ പറയുന്നത്.  സെപ്റ്റംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ നാല് വരെയുള്ള കാലയളവില്‍, ശരാശരി 1,42,680 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ രണ്ട് ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 29,960 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 26 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. 

നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 12%, 12%, 24%, 10%, 8%, 13% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കൊവിഡ് ബാധിതരായ വ്യക്തികളില്‍ ആറ് ശതമാനം പേര്‍ കൊവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധ ശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്നും റിപ്പോർട്ട് പറയുന്നു.

വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,49,34,697), 43.6 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,16,59,417) നല്‍കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (1,02,506). 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 97 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 61 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios