റൂട്ട് കനാലിനുശേഷം 3വയസുകാരൻ മരിച്ച സംഭവം; 'ചോദ്യങ്ങളും സംശയങ്ങളും ബാക്കി', ഗുരുതര ആരോപണവുമായി ബന്ധുക്കള്‍
അതേസമയം, ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികളില്‍ പൊലീസുമായി സഹകരിക്കുമെന്നും മരണകാരണം ഹൃദയാഘാതമെന്നാണ് സംശയിക്കുന്നതെന്നും ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡിക്സന്‍ പറഞ്ഞു
തൃശ്ശൂര്‍: കുന്നംകുളം മലങ്കര ആശുപത്രിയില്‍ പല്ലിന്‍റെ റൂട്ട് കനാല്‍ ശസ്ത്രക്രിയ നടത്തിയ മൂന്നു വയസുകാരന്‍ മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍. തൃശൂർ മുണ്ടൂർ സ്വദേശിയായ കെവിൻ - ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. കുഞ്ഞിന് നാലുവയസാകാറായെന്നും പല്ലിന്‍റെ റൂട്ട് കനാല്‍ ശസ്ത്രക്രിയ നടത്തിയശേഷം കുഞ്ഞിന് ഹൃദയാഘാതമുണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നതെന്നും ഇതെങ്ങനെ സംഭവിക്കുമെന്ന് മനസിലാകുന്നില്ലെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. റൂട്ട് കനാല്‍ ശസ്ത്രക്രിയക്ക് വന്നിട്ട് കുഞ്ഞ് മരിച്ചാല്‍ അത് ചികിത്സാ പിഴവല്ലാതെ മറ്റെന്താണെന്നും ഇവര്‍ ആരോപിച്ചു.
കുട്ടിക്ക് ഇന്നലെ വൈകിട്ട് മുതല്‍ വെള്ളം മാത്രമാണ് നല്‍കിയത്. ശസ്ത്രക്രിയക്കിടെ ഛര്‍ദിക്കണമെങ്കില്‍ വയറ്റില്‍ എന്തെങ്കിലും ഉണ്ടാകണം. അനസ്തേഷ്യ നല്‍കിയതില്‍ ഉള്‍പ്പെടെ പിഴവുണ്ടായിട്ടുണ്ടാകുമെന്നും ശസ്ത്രക്രിയക്കുശേഷം ഡോക്ടറും അനസ്തേഷ്യ നല്‍കിയ ഡോക്ടറും ഉടന്‍ തന്നെ തൃശ്ശൂരിലേക്ക് പോയെന്നും ഇക്കാര്യങ്ങളിലെല്ലാം സംശയമുണ്ടെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. തഹസില്‍ദാറുടെ മേല്‍നോട്ടത്തില്‍ ഇന്‍ക്വിസ്റ്റ് ഉള്‍പ്പെടെ നടത്തണമെന്നും വിശദമായ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ പൊലീസ് ഉള്‍പ്പെടെ എത്തിയിട്ടുണ്ട്. അതേസമയം, ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികളില്‍ പൊലീസുമായി സഹകരിക്കുമെന്നും മരണകാരണം ഹൃദയാഘാതമെന്നാണ് സംശയിക്കുന്നതെന്നും ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡിക്സന്‍ പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് കുട്ടിയെ റൂട്ട് കനാല്‍ സര്‍ജറിക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇന്ന് രാവിലെ ആറോടെയാണ് ശസ്ത്രക്രിയക്കായി കൊണ്ടുപോയത്.രാവിലെ 8.15ഓടെയാണ് ശസ്ത്രക്രിയ നടത്തിയതെന്നും 10.30വരെ നിരീക്ഷണ മുറിയിലേക്ക് മാറ്റിയെന്നും മൈനര്‍ സര്‍ജറിക്കുശേഷം ഓക്സിജന്‍ അളവില്‍ കുറവുണ്ടായെന്നും ജീവന്‍ നിലനിര്‍ത്താന്‍ സാധ്യമായകാര്യങ്ങളെല്ലാം ചെയ്തെങ്കിലും നടന്നില്ലെന്നും ഡിക്സണ്‍ പറഞ്ഞു. സംഭവത്തില്‍ കുടുംബാംഗങ്ങളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പതിനൊന്നരയോടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ അതിന് തയാറായില്ലെന്നുംപിന്നീട് കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
റൂട്ട് കനാൽ ചെയ്തു, മൂന്നര വയസ്സുകാരൻ മരിച്ചു; മലങ്കര ആശുപത്രിയിൽ ചികിത്സാപിഴവെന്ന് ബന്ധുക്കൾ