കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ സഹപാഠികളായ മൂന്ന് പേരാണ് കൊല്ലത്ത് നിരീക്ഷണത്തില്‍ ഉള്ളത്. 


 കൊല്ലം: നിപബാധ സംശയിച്ച് മൂന്ന് പേര്‍ കൊല്ലത്ത് നിരീക്ഷണത്തില്‍. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ സഹപാഠികളായ മൂന്ന് പേരാണ് കൊല്ലത്ത് നിരീക്ഷണത്തില്‍ ഉള്ളത്. 

തൊടുപുഴയിലെ കോളേജില്‍ ഇവര്‍ ഒരുമിച്ചാണ് പഠിച്ചിരുന്നത്. പിന്നീട് തൃശ്ശൂരില്‍ വച്ചു നടന്ന പരിശീലന പരിപാടിയിലും ഇവര്‍ യുവാവിനൊപ്പം ഉണ്ടായിരുന്നു. ഇവരില്‍ രണ്ട് പേര്‍ കൊട്ടാരക്കര സ്വദേശികളും ഒരാള്‍ തഴവ സ്വദേശിയുമാണ്. 

അതേസമയം ഇവര്‍ മൂന്ന് പേര്‍ക്കും നിലവില്‍ ഒരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളോ നിപ രോഗലക്ഷണങ്ങളോ ഇല്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിപബാധ സംശയിക്കുന്ന യുവാവുമായി അടുത്ത് ഇടപഴകിയതിനാല്‍ മാത്രമാണ് ഇവരെ നിരീക്ഷണത്തില്‍ വച്ചതെന്നും ഇന്‍ക്യൂബേഷന്‍ പിരീഡ് കഴിഞ്ഞാല്‍ വിട്ടയക്കുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

കൊല്ലത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നുണ്ട്. മുന്‍കരുതലെന്ന നിലയില്‍ കൊല്ലം ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജിലും ഐസൊലേഷൻ വാർഡ് ക്രമീകരിക്കും.