തിരുവനന്തപുരം: നാല് മാസമായി ഇറാനിൽ കുടുങ്ങിക്കിടക്കുന്ന 30 മലയാളി മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ നടപടിയില്ലെന്ന് ആക്ഷേപം. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക കപ്പൽ എത്തിയെങ്കിലും തങ്ങളെ കയറ്റിയില്ലെന്നും റോഡിൽ കഴിയുകയാണെന്നും ഇവർ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

ജോലിക്കായി പോയ തിരുവനന്തപുരം പൊഴിയൂർ സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ് ഇറാനിൽ കുടുങ്ങിയത്. നാല് മാസമായി ഇവിടെ കുടുങ്ങിയ ഇവരെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടലിലാണ് കപ്പൽ എത്തിയത്. 700 പേരെ കൊണ്ട് പോകാനാണ് കപ്പൽ എത്തിയത്. എന്നാൽ 30 പേരെ ഒഴിവാക്കിയാണ് കപ്പൽ പോയതെന്ന് ഇവർ പരാതിപ്പെടുന്നു.

ഉള്ളതെല്ലാം വിറ്റുപെറുക്കി ഇറാനിലെത്തിയ ഇവർക്ക് കൊവിഡ് കാരണം ജോലി കിട്ടിയില്ല. ഇനി എപ്പോൾ മടങ്ങാൻ കഴിയുന്ന ആശങ്കയിലാണ് ഈ മത്സ്യത്തൊഴിലാളികൾ.