1995 സെപ്റ്റംബര്‍ 30. രാത്രി ഏഴര. കേരളമെന്നൊരു കൊച്ചുദേശത്തുനിന്നും രാജ്യത്തെ ആദ്യ സ്വകാര്യ വാര്‍ത്താ ചാനലിന്‍റെ ആദ്യ വാര്‍ത്താ ബുള്ളറ്റിൻ പ്രേക്ഷകരിലേക്ക് എത്തിയത് അന്നായിരുന്നു.
തിരുവനന്തപുരം: മലയാളിയുടെ വാർത്താ ശീലമായി മാറിയ ഏഷ്യാനെറ്റ് ന്യൂസ് 32 ആം വയസിലേക്ക്. വാർത്തകൾ ആധികാരികമായി അവതരിപ്പിച്ചും വാര്‍ത്തയ്ക്കുമപ്പുറം സാമൂഹ്യ ഇടപെടൽ നടത്തിയുമാണ് ഏഷ്യാനെറ്റ് ന്യൂസ് മുന്നോട്ട് പോകുന്നത്. നേരിന്റെയും നീതിയുടെയും പക്ഷത്ത് നിന്ന് ജൈത്രയാത്ര തുടരുന്ന ഏഷ്യാനെറ്റ് ന്യൂസ്
മലയാളിയുടെ മനസിൽ ഇന്നും എന്നും ഒന്നാമതാണ്.
1995 സെപ്റ്റംബര്‍ 30. രാത്രി ഏഴര. കേരളമെന്നൊരു കൊച്ചുദേശത്തുനിന്നും രാജ്യത്തെ ആദ്യ സ്വകാര്യ വാര്‍ത്താ ചാനലിന്‍റെ ആദ്യ വാര്‍ത്താ ബുള്ളറ്റിൻ പ്രേക്ഷകരിലേക്ക് എത്തിയത് അന്നായിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനു മാത്രം അവകാശപ്പെട്ട മലയാള വാര്‍ത്തയുടെ പുതുചരിത്രം അവിടെ തുടങ്ങുന്നു. മലയാളത്തില്‍ ദൂരദര്‍ശന്‍റെ മേധാവിത്വത്തെ വെല്ലുവിളിച്ച് മുന്നേറിയ ഏഷ്യാനെറ്റ് ന്യൂസ് 32 ആം വയസിലേക്ക് കടക്കുമ്പോഴും മലയാളത്തിലെ നമ്പര്‍ വണ്‍ ചാനലായി തുടരുന്നു. മനുഷ്യപക്ഷത്ത് നിന്നുകൊണ്ട് വാർത്തയെ പുനർനിർവചിച്ച് മലയാളിയുടെ കാഴ്ചാ ശീലത്തെ മാറ്റിയെഴുതുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ചെയ്തത്.
തുടക്കം സുബിക് ബേയില്‍. പിന്നീട് സിങ്കപ്പൂരില്‍ നിന്ന്. അവിടെ നിന്ന് തിരുവനന്തപുരത്തേക്ക്. മാറുന്ന മലയാളിക്കൊപ്പം മാറ്റമില്ലാത്ത വാര്‍ത്താക്കൂട്ടായി എന്നും ഞങ്ങളുണ്ട്. കണ്ണാടിയിലൂടെ കേരള സമൂഹത്തെ മനസ്സാക്ഷിയെ ഉണര്‍ത്തി. രാജ്യത്ത് ഒരു മുഖ്യമന്ത്രി ടിവി ചാനലിലൂടെ നേരിട്ട് ജനകീയപ്രശ്നങ്ങള്‍ കേള്‍ക്കുന്ന ഏഷ്യാനെറ്റിലെ പരിപാടി ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ പുതുനാഴികക്കല്ലായി. മലയാളിയുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമായി മാറിയ ഏഷ്യാനെറ്റ് ന്യൂസ് മൂന്നുപതിറ്റാണ്ടിലേറെക്കാലം ലോകം കണ്ട പല സംഭവങ്ങള്‍ക്കും നേര്‍സാക്ഷിയായി.
പരിമിതികള്‍ നിറഞ്ഞ തുടക്കത്തില്‍ നിന്ന് വാര്‍ത്താചാനലുകളുടെ മത്സരാധിഷ്ടിത ലോകത്തേക്ക് മാറിയിട്ടും വിശ്വാസ്യത നിലനിര്‍ത്തി ഏഷ്യാനെറ്റ് മലയാളിക്കൊപ്പമുണ്ട്. പുതുകാലത്ത്, പുതിയ തലമുറയുടെ കാഴ്ചാ ശീലങ്ങളിലും മായാത്ത മുദ്രയായി ഏഷ്യാനെറ്റ് ന്യൂസുണ്ട്. ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകർ ഞങ്ങളിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള ദൗത്യം നേരോടെ നിര്‍ഭയം നിരന്തരം തുടരുമെന്നാണ് ഈ പിറന്നാളിൽ ഞങ്ങള്‍ നല്‍കുന്ന ഉറപ്പ്.

